നിപ: 14കാരന്‍റെ പുനെ ഫലവും പോസിറ്റീവ്; മലപ്പുറത്തും കോഴിക്കോടും അതീവ ജാഗ്രതാ നിർദേശം

3 കിലോമീറ്റര്‍ ചുറ്റളവിൽ ജാഗ്രതാ നിര്‍ദേശം
14-year-old's Pune result Nipah positive; High alert for Malappuram and Kozhikode
നിപ: 14കാരന്‍റെ പുനെ ഫലവും പോസിറ്റീവ്Representative Image
Updated on

മലപ്പുറം: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള മലപ്പുറം സ്വദേശിയായ 14കാരന് നിപ രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലും പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലുമാണ് നിപ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പ്രോട്ടോകോള്‍ പ്രകാരം പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുട്ടിയുടെ വീടിന് 3 കിലോമീറ്റര്‍ ചുറ്റളവിലാണ് ജാഗ്രതാ നിര്‍ദേശം. മലപ്പുറത്തും കോഴിക്കോടും ജാ​ഗ്രതാ നിർദ്ദേശം നൽകി. മാസ്ക് നിർബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും ആരോ​ഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കി ആരോഗ്യ വകുപ്പ് അറിയിച്ചു. മലപ്പുറത്ത് കണ്‍ട്രോള്‍ റൂമും തുറന്നു. കോഴിക്കോട് മെഡിക്കല്‍ കോളെജ് അത്യാഹിത വിഭാഗത്തിലെ ജീവനക്കാര്‍ക്ക് പിപിഇ കിറ്റ് നിര്‍ബന്ധമാക്കി. മാതാപിതാക്കളും അമ്മാവനും സുഹൃത്തുക്കളുമടക്കം കുട്ടിയുമായി അടുത്തിടപഴകിയവരെല്ലാം നിരീക്ഷണത്തിലാണ്. കുട്ടിയുടെ‌ സമ്പർക്ക വിവരങ്ങൾ ശേഖരിച്ചുവരികയാണ്. കുട്ടിയുമായി സമ്പർക്കമുള്ള ഒരാൾക്ക് പനി ബാധിച്ചിട്ടുണ്ട്. അയാൾ നിരീക്ഷണത്തിലാണ്. വൈറൽ പനിയാണെങ്കിലും സ്രവം ശേഖരിച്ചതായി മന്ത്രി പറഞ്ഞു.

മലപ്പുറം പെരിന്തൽമണ്ണ പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശേരി സ്വദേശിയായ കുട്ടിയാണ് ചികിത്സയിലുള്ളത്. ഐസൊലേഷനിലുള്ള കുട്ടിയെ പ്രത്യേകം റൂമിലേക്ക് മാറ്റി നിരീക്ഷിക്കുകയാണ്. പനി, തലവേദന, ശരീര വേദന എന്നിവയുണ്ട്. ആരോഗ്യ നില നിലവില്‍ തൃപ്തികരമെന്ന് ഡോക്റ്റര്‍മാര്‍ പറഞ്ഞു. ബന്ധുക്കള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ നിന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി. 5 ദിവസം മുമ്പാണ് കുട്ടിക്ക് പനി ബാധിച്ചത്.

2018 മുതല്‍ ഇതുവരെയുള്ള കാലയളവില്‍ 4 തവണയാണ് കേരളത്തില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആദ്യ തവണ നിപ രോഗബാധയെ തുടര്‍ന്ന് 17 പേര്‍ക്ക് ജീവഹാനി സംഭവിച്ചിരുന്നു. 2021ല്‍ 12കാരനാണ് മരിച്ചത്. 2023ല്‍ ഓഗസ്റ്റിലും സെപ്റ്റംബറിലുമായി 2 പേര്‍ മരിച്ചു.

Trending

No stories found.

Latest News

No stories found.