തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ കസ്റ്റഡിയിലെടുത്ത യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ നിർണായക തെളിവുകൾ ലഭിച്ചെന്ന് പൊലീസ്. പത്തനംതിട്ട, അടൂരിൽ നിന്നും ചൊവ്വാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്ത അഭി വിക്രം, ബിനിൽ ബിനു എന്നിവരിൽ നിന്നും 24 വ്യാജ തിരിച്ചറിയൽ കാർഡുകൾ കണ്ടെടുത്തു.
അഭി വിക്രമിന്‍റെ ഫോൺ, ബിനിൽ ബിനുവിന്‍റെ ലാപ്ടോപ്പ് എന്നിവയിൽ നിന്നുമാണ് വ്യാജ കാർഡുകൾ കൈമാറിയതെന്നും തെളിവുകൾ ലഭിച്ചത്. സംഭവത്തിൽ അടൂരിൽ നിന്നും കൂടുതൽ ആളുകൾക്ക് ഇതിൽ പങ്കുണ്ടെന്നും നിലവിൽ പിടിയിലായവർ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വിശ്വസ്ഥരാണെന്നുമാണ് പൊലാസ് വ്യക്തമാക്കുന്നത്. പിടിയിലയരെ തിരുവനന്തപുരത്ത് ഇന്നു രാവിലെ എത്തിച്ച് വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ്.
ഇതിനിടെ വ്യാജ ഐഡി കാര്‍ഡ് കേസില്‍ കസ്റ്റഡിയിലായവരുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസമാണ് 3 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തത്. യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കളുടെ നിയന്ത്രണത്തിലാണ് വ്യാജ കാർഡ് നിർമാണ യൂണിറ്റ് പ്രവർത്തിച്ചതെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. മൂവരുടെയും പങ്ക് തെളിയിക്കുന്ന തെളിവുകളാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചത്. കൊല്ലത്തും അടൂരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം നിൽക്കുന്ന നേതാക്കളും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നാണ് വിവരം. ക്രമക്കേടിൽ കൂടുതൽ പേർക്ക് പങ്ക് ഉണ്ടെന്നും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.