തൃശൂർ: ചെറുതുരുത്തിയിൽ കാറിൽ രേഖകളില്ലാതെ കൊണ്ടുവന്ന 25 ലക്ഷം രൂപ പിടികൂടി. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിൽ ഉൾപ്പെടുന്ന വള്ളത്തോൾ നഗറിലാണ് പണം പിടികൂടിയത്. കൊളപ്പുള്ളി സ്വദേശിയായ ജയൻ പൊലീസ് കസ്റ്റഡിയിലാണ്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെയാണ് പണം പിടികൂടിയത്. കിയ കാറിൽ പുറകിൽ സൂക്ഷിച്ച ബാഗിൽ നിന്നാണ് പണം കണ്ടെത്തിയത്. വീട് പണിക്കാവശ്യമായ ടൈൽസ് വാങ്ങാനായി എറണാകുളത്തേക്ക് പോവുകയാണെന്നും ടൈൽസ് വാങ്ങാൻ വേണ്ടിയാണ് പണമെന്നുമാണ് ജയൻ പൊലീസിന് നൽകിയ മൊഴി. എന്നാൽ ആവശ്യമായ രേഖകളില്ലാത്തതിനാൽ പണം ഇൻകം ടാക്സ് കണ്ടുകെട്ടി.