മലയാളി ഡോക്‌ടർമാരുടെ സംഘം ഹിമാചലിൽ കുടുങ്ങി; 27 പേരും സുരക്ഷിതർ

ഡൽഹി കേരള ഹൗസ് അധികൃതരുമായി വിദ്യാർഥികൾ സംസാരിച്ചു, തിരിച്ചെത്തിക്കാൻ ഹിമാചലിലെ മലയാളികളുമായി ചേർന്ന് ശ്രമം തുടരുന്നു
മലയാളി ഡോക്‌ടർമാരുടെ സംഘം ഹിമാചലിൽ കുടുങ്ങി; 27 പേരും സുരക്ഷിതർ
Updated on

തൃശൂർ: ഹിമാചൽ പ്രദേശിൽ കനത്ത മഴയിൽ മലയാളി ഡോക്ടർമാരുൾപ്പെടെയുള്ള നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ. ഹിമാചൽ പ്രദേശിൽ കുടുങ്ങിയ 27 മലയാളികളും സുരക്ഷിതരാണെന്നാണ് പുറത്തുവരുന്ന വിവരം.

കൊച്ചി മെഡിക്കൽ കോളെജിലെയും തൃശൂർ മെഡിക്കൽ കോളെജിലെയും ഡോക്ടർമാരുമാണ് കുടുങ്ങിക്കിടക്കുന്നത്. തിങ്കളാഴ്ച വൈകിട്ടോടെ കേരളത്തിലേക്ക് പുറപ്പെടാനാവുമെന്ന പ്രതീക്ഷയിലാണ് സംഘം.

ഡൽഹി കേരള ഹൗസ് അധികൃതരുമായി വിദ്യാർഥികൾ സംസാരിച്ചെന്നും ഹിമാചലിലെ മലയാളികളുമായി ചേർന്ന് ശ്രമം തുടരുകയാണെന്നും ഡൽഹിയിലെ കേരള സർക്കാർ പ്രതിനിധി കെ.വി. തോമസ് പറഞ്ഞു.

തൃശൂർ മെഡിക്കൽ കോളെജിലെ ഹൗസ് സർജൻസി കഴിഞ്ഞ 18 അംഗ സംഘം ജൂൺ 27 നാണ് യാത്ര പുറപ്പെട്ടത്. ട്രെയിൻ മാർഗം ആഗ്ര എത്തി അവിടെ നിന്ന് ഡൽഹിയിലേക്കും ഡൽഹിയിൽ നിന്ന് അമൃതസർ തുടർന്ന് മണാലി, സ്പിറ്റ് വാലിയിലേക്കും പോയിരുന്നു. ഘീർ ഗംഗയിലെത്തിയപ്പോഴായിരുന്നു മഴയിൽ കുടുങ്ങിയത്.

ഇവരെ സുരക്ഷിതമായി ക്യാമ്പുകളിലേക്ക് മാറ്റിയതായി ഏജൻസികൾ അറിയിച്ചു. നിലവിൽ പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. മഴയ്ക്ക് ശമനം വന്നാൽ കസോളിൽ എത്തിക്കാനാണ് ശ്രമം. റോഡ് നന്നാക്കുന്ന മുറയ്ക്ക് ദില്ലിക്ക് പുറപ്പെടുമെന്നും തിരുവനന്തപുരം ലിയോ ട്രാവൽ ഏജൻസി അറിയിച്ചു.

Trending

No stories found.

Latest News

No stories found.