തിരുവനന്തപുരം: ജനറൽ മാനെജർ തസ്തികയിൽ എൻജനീയറിങ് ബിരുദമുള്ള 4 കെഎഎസ് ഓഫിസർമാരെ കെഎസ്ആർടിസിയിലേക്ക് നിയമിച്ചു. കെഎസ്ആർടിസി ഡയറക്റ്റർ ബോർഡിന്‍റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നിയമനം.
കെഎഎസ് ഓഫിസർമാരെ ആദ്യമായാണ് ഒരു പൊതു മേഖല സ്ഥാപനത്തിൽ നിയമിക്കുന്നത്. കെഎസ്ആർടിസിയിൽ പ്രൊഫഷലിസം കൊണ്ട് വരണമെന്നുള്ള സുശീൽ ഖന്ന റിപ്പോട്ടിന്‍റെ അടിസ്ഥാനത്തിലാണു നിയമനം. ആദ്യ ഘട്ടത്തിലെ പരിശീലനത്തിനു ശേഷം ഇവരെ സോണൽ ജനറൽ മാനെജർമാരായും, ഹെഡ്ക്വാട്ടേഴ്സിലും നിയമിക്കും.
മലപ്പുറം ഡെപ്യൂട്ടി കലക്റ്റർ (ഡിസാസ്റ്റർ മാനെജ്മെന്‍റ്) എസ് എസ് സരിൻ, കോഴിക്കോട് ജില്ലാ ഓഡിറ്റ് ഓഫിസിലെ ഡെപ്യൂട്ടി ഡയറക്റ്റർ ജോഷോ ബെനെറ്റ് ജോൺ, സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിലെ ഇടുക്കി ഓഫിസിലെ ഡെപ്യൂട്ടി കമ്മീഷണർ (ഇന്‍റലിജൻസ്) ആർ. രാരാരാജ് , കണ്ണൂർ ഇറിഗേഷൻ പ്രൊജക്റ്റിലെ ഫിനാൻഷ്യൽ അസിസ്റ്റന്‍റ് റോഷ്ന അലിക്കുഞ്ഞ് എന്നിവരെയാണു കെഎസ്ആർടിസി ജനറൽ മാനെജരായി നിയമിച്ചത്.