കൊച്ചി: വത്തിക്കാനില്‍ നിന്നുള്ള കര്‍ശന നിര്‍ദേശം നിലനില്‍ക്കെ എറണാകുളം - അങ്കമാലി അതിരൂപതയില്‍ പരസ്യമായി ജനാഭിമുഖ കുര്‍ബാന നടത്തി വിമത വിഭാഗം. അതിരൂപത ശതാബ്ദി ആഘോഷത്തിന്‍റെ ഭാഗമായി 400 വൈദികരാണ് സമൂഹ ദിവ്യബലിയില്‍ പങ്കെടുത്തത്. 400 വൈദികര്‍ പങ്കെടുത്ത പൂര്‍ണ ജനാഭിമുഖ കുര്‍ബാന തൃക്കാക്കര ഭാരത് മാതാ കോളെജ് ഗ്രൗണ്ടിലാണ് നടന്നത്.
സീറോ മലബാര്‍ സഭയില്‍ ഹയരാര്‍ക്കി സ്ഥാപിച്ചതിന്‍റെയും എറണാകുളം വികാരിയാത്തിനേയും അതിന്‍റെ ആസ്ഥാന അതിരൂപതയായി ഉയര്‍ത്തിയതിന്‍റെയും ശതാബ്ദി സമാപന വേളയിലാണ് സഭാ വിശ്വാസികള്‍ ചേര്‍ന്ന് ജനാഭിമുഖ കുര്‍ബാന അര്‍പ്പിച്ചത്. ഫാദര്‍ ജോസ് എടശ്ശേരി വിശുദ്ധ കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കി. ക്രിസ്തുമസിന് മുന്‍പ് എല്ലാ പള്ളികളിലും ഏകീകൃത കുര്‍ബാന നടപ്പിലാക്കണമെന്ന മാര്‍പാപ്പയുടെ നിര്‍ദേശം നിലനില്‍ക്കെയാണ് എറണാകുളം - അങ്കമാലി അതിരൂപതയിലെ ആയിരത്തോളം വിശ്വാസികള്‍ ചേര്‍ന്ന് ജനാഭിമുഖ കുര്‍ബാന നടത്തിയത്.
അതേസമയം, ഏകീകൃത കുര്‍ബാനയെ എതിര്‍ക്കുന്ന വൈദികരെ സസ്പെന്‍ഡ് ചെയ്യുമെന്നും എതിര്‍ക്കുന്ന ഇടവകകള്‍ മരവിപ്പിക്കുമെന്നും മരവിപ്പിച്ച ഇടവകകള്‍ക്ക് കത്തോലിക്ക സഭയില്‍ അംഗത്വം ഉണ്ടാവില്ലെന്നുമാണ് വത്തിക്കാനില്‍നിന്ന് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ബോസ്കോ പുത്തൂരിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം.