നെരിപ്പോടെരിയുന്ന ഓർമകളുമായി യുദ്ധഭൂമിയിൽ നിന്ന് അവർ കൊച്ചിയിലെത്തി

ഇസ്രയേലില്‍ നിന്നുള്ള അഞ്ച് മലയാളികളാണ് ഓപ്പറേഷൻ അജയ് രക്ഷാദൗത്യത്തിന്‍റെ ഭാഗമായി കൊച്ചിയിൽ വിമാനമിറങ്ങിയത്
ഗോപിക ഷിബു, നിള നന്ദ, ശിശിര മാമ്പറംകുന്നത്ത്, എം.സി. അച്യുത്.
ഗോപിക ഷിബു, നിള നന്ദ, ശിശിര മാമ്പറംകുന്നത്ത്, എം.സി. അച്യുത്.
Updated on

ജോയ് മാടശേരി

അങ്കമാലി: യുദ്ധഭൂമിയുടെ കാലുഷ്യത്തിൽനിന്ന് ജന്മനാടിന്‍റെ സമാശ്വാസത്തിലേക്ക് അവർ തിരിച്ചെത്തി. ഇസ്രയേലില്‍ നിന്നുള്ള അഞ്ച് മലയാളികളാണ് ഓപ്പറേഷൻ അജയ് രക്ഷാദൗത്യത്തിന്‍റെ ഭാഗമായി കൊച്ചിയിൽ വിമാനമിറങ്ങിയത്. പാലക്കാട്, കൊല്ലം, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവർ ആദ്യം ഡൽഹിയിലേക്കും, അവിടെനിന്ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെഎഐ 831 നമ്പര്‍ വിമാനത്തില്‍ കൊച്ചിയിലേക്കും.

പാലക്കാട് സ്വദേശി നിള നന്ദയാണ് ആദ്യം ടെർമിനലിനു പുറത്തെത്തിയത്. രക്ഷാ ദൗത്യത്തിൽ ഡൽഹി വരെയുള്ള യാത്രാച്ചെലവ് കേന്ദ്ര സര്‍ക്കാരാണ് വഹിച്ചത്. അവിടെനിന്ന് നാട്ടിലേക്ക് സ്വന്തം ചെലവിൽ. ഇസ്രയേലില്‍ യുദ്ധത്തിന്‍റെ അന്തരീക്ഷമാണെങ്കിലും ജനജീവിതം സാധാരണനിലയിലാണെന്ന് നിള പറയുന്നു. ഗാസ-ഇസ്രയേല്‍ അതിര്‍ത്തിയിലാണ് പ്രധാനമായും യുദ്ധം ബാധിച്ചിരിക്കുന്നത്, മറ്റുള്ള ഇടങ്ങളിലുള്ളവര്‍ സുരക്ഷിതരാണെന്നും നിള.

ഓപ്പറേഷന്‍ അജയ് പദ്ധതി പ്രകാരം 212 ഇന്ത്യാക്കാരെയും വഹിച്ചുള്ള ആദ്യ വിമാനത്തിൽ ആകെ ഒമ്പത് മലയാളികളാണുണ്ടായിരുന്നത്. ഇതിൽ അഞ്ച് പേർ കൊച്ചിയിലേക്കും രണ്ടു പേർ തിരുവനന്തപുരത്തേക്കും വിമാനം കയറി.

വിദ്യാർഥികള്‍ ഉള്‍പ്പെടെയുള്ള നിരവധി പേർ ടെല്‍ അവിവിലെ വിമാനത്താവളത്തില്‍ ഓപ്പറേഷന്‍ അജയ്‌യുടെ ഭാഗമായുള്ള പ്രത്യേക വിമാനം കാത്തിരിക്കുന്നുണ്ടെന്ന് മലപ്പുറം പെരിന്തല്‍മണ്ണ മേലാറ്റൂര്‍ സ്വദേശി ശിശിര മാമ്പറംകുന്നത്ത് മെട്രൊ വാർത്തയോടു പറഞ്ഞു. ഇസ്രയേലിലെ ബൊംഗൂരാൻ യൂണിവേഴ്സിറ്റി വിദ്യാർഥിനിയാണ് ശിശിര. യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന വിദ്യാർഥികളെക്കാൾ കെയർ മേഖലയിൽ ജോലി ചെയ്യുന്നവരാണ് യുദ്ധം മൂലം കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതെന്ന് ശിശിര പറഞ്ഞു.

വീടുകളിലും ബങ്കറുകളിലും താമസിക്കുന്ന തദ്ദേശവാസികളെയാണ് പ്രധാനമായും അക്രമികൾ ലക്ഷ്യമിടുന്നത്. പേടിപ്പെടുത്തുന്ന അനുഭവമായിരുന്നെങ്കിലും അത്യാധുനിക സംവിധാനങ്ങളും എല്ലാ വീട്ടിലും ബങ്കറുകളും മറ്റും അവിടെയുള്ളതിനാൽ ഇസ്രയേൽ നിലവിൽ വിദ്യാർഥികൾക്കും ഇന്ത്യക്കാർക്കും സുരക്ഷിതമാണെന്നാണ് കരുതുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കാര്യമായി ആക്രമിക്കപ്പെട്ടിട്ടില്ല, എന്നിരുന്നാലും വീട്ടുകാരുടെ കടുത്ത സമ്മർദത്തെത്തുടർന്നാണ് ഇത്രയും വേഗം തിരിച്ചുപോന്നതെന്നും ശിശിര.

ആദ്യ സംഘത്തിലെ യാത്രക്കാരായി കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി എം.സി. അച്യുത്, കൊല്ലം കിഴക്കും ഭാഗം സ്വദേശി ഗോപിക ഷിബു, മലപ്പുറം ചങ്ങാരംകുളം സ്വദേശി രാധികേഷ് രവീന്ദ്രന്‍ നായര്‍, ഭാര്യ രസിത ടി.പി. എന്നിവരും കൊച്ചിയിലെത്തിയവരിൽ ഉൾപ്പെടുന്നു.

Trending

No stories found.

Latest News

No stories found.