#പ്രശാന്ത് പാറപ്പുറം
കാലടി: ഡ്രോൺ പറത്താനുള്ള ലൈസൻസ് നേടാൻ തയാറെടുക്കുകയാണ് 7 ബധിര മൂക വിദ്യാർഥികൾ. കാലടി മാണിക്കമംഗലം സെന്റ് ക്ലയർ ബധിര മൂക വിദ്യാലയത്തിലെ വിദ്യാർഥികളായ ജയ്സൻ ജോയി, അനന്തകൃഷ്ണൻ, നിഖിൽ പോൾസൻ, ജിതിൻ ജോബി, മുഹമദ് റൗഫ്, ജസ്റ്റിൻ ജയിംസ്, ആഷിൻ പോൾ എന്നിവരാണ് ഡ്രോൺ പറത്തുന്നതിന് ലൈസൻസ് നേടാനുളള പരിശീലനം തുടരുന്നത്.
എറണാകുളം ജില്ലയിലെ കാലടി നീലീശ്വരം കേന്ദ്രമായി പ്രവർത്തിക്കുന്ന ഡ്രോൺ നിർമാണ കമ്പനിയായ ഓട്ടോ മൈക്രോയുഎഎസ് (ആമോസ്) ആണ് ഇവർക്ക് പരിശീലനം നൽകുന്നത്. കമ്പനിയുടെ നടത്തിപ്പുകാരായ ക്യാപ്റ്റൻ അഗസ്റ്റിൻ വിനോദും, സ്ക്വാഡ്രൽ ലീഡർ വർഷ കുക്റോത്തിയുമാണ് അധ്യാപകർ. മൂന്നു മാസമാണു പരിശീലന കാലാവധി. ഡ്രോൺ പറത്തുന്നതിന് മാത്രമല്ല ഡ്രോൺ നിർമാണത്തിലും, അറ്റകുറ്റ പണികൾക്കും ഇവർ പരിശീലനം നൽകും. കൂടാതെ കൃഷിയാവശ്യങ്ങൾക്കു മരുന്ന് തളിക്കുന്ന ഡ്രോൺ പറത്തുന്നതിനും പരിശീലനം നൽകും. ഇവരുടെ ആദ്യഘട്ട പരിശീലനം ചെന്നൈയിൽ പൂർത്തിയായി.
രണ്ടാം ഘട്ട പരിശീലനം സെന്റ് ക്ലയർ ബധിര മൂക വിദ്യാലയത്തിലും, ആമോസിലും നടക്കും. പരിശീലനം പൂർണമാകന്നതോടെ സിവിൽ ഏവിയേഷന്റെ ഡ്രോൺ പറത്താനുളള ലൈസൻസ് ഇവർക്ക് ലഭിക്കും. ആദ്യമായാണ് 7 ബധിര മൂകൾ ഡ്രോൺ പറത്താൻ ലൈസൻസ് കരസ്ഥമാക്കുന്നത്. ഇതിനകം തന്നെ 7 പേർക്കും ജോലിയും ഉറപ്പായി. ചെന്നൈയിൽ നടന്ന പരിശീലനത്തിൽ ഒരു സ്വകാര്യ കമ്പനി ജോലി വാഗ്ദാനം ചെയ്തതായി അഗസ്റ്റിൻ വിനോദ് പറഞ്ഞു. സെന്റ് ക്ലയർ ബധിര മൂക വിദ്യാലയത്തിലെ കൂടുതൻ വിദ്യാർഥികൾക്ക് പരിശീലനം നൽകാനുളള ഒരുക്കത്തിലാണ് സ്കൂൾ അധികൃതർ. അതുവഴി വിദ്യാർഥികൾക്ക് ജോലി സാധ്യത ഉറപ്പാകുമെന്ന് പ്രിൻസിപ്പൾ സിസ്റ്റർ ഫിൻസിറ്റ പറഞ്ഞു.