70-ാമത് നെഹ്‌റു ട്രോഫി ഭാഗ്യചിഹ്നം 'നീലു'

നീലപ്പൊന്മാന്‍റെ പേര് പ്രഖ്യാപിച്ച് കലക്റ്റര്‍
70th Nehru Trophy Boat Race
70-ാമത് നെഹ്‌റു ട്രോഫി ഭാഗ്യചിഹ്നം 'നീലു'
Updated on

ആലപ്പുഴ: 70-ാമത് നെഹ്റു ട്രോഫി വള്ളം കളിയുടെ ഭാഗ്യചിഹ്നമായ കളിവള്ളം തുഴഞ്ഞു നീങ്ങുന്ന നീലപ്പൊന്മാന് "നീലു' എന്ന് പേരിട്ടു. എന്‍ടിബിആര്‍ സൊസൈറ്റി ചെയര്‍പേഴ്‌സണായ ജില്ലാ കലക്റ്റര്‍ അലക്സ് വര്‍ഗീസാണ് പേര് പ്രഖ്യാപിച്ചത്. പേര് പതിച്ച ഭാഗ്യചിഹ്നം നടൻ ഗണപതി ഏറ്റുവാങ്ങി. പേര് പ്രഖ്യാപിക്കുന്ന ചടങ്ങിലൂടെ നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷിക്കുന്നതായി ഗണപതി പറഞ്ഞു.

പേരിനുള്ള എന്‍ട്രികള്‍ തപാല്‍ മുഖേനയാണ് ക്ഷണിച്ചത്. 609 എന്‍ട്രികള്‍ ലഭിച്ചു. നീലു എന്ന പേര് 33 പേര്‍ നിര്‍ദേശിച്ചു. ഇവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ മലപ്പുറം പുത്തൂര്‍പള്ളിക്കല്‍ സ്വദേശിയായ വിദ്യാര്‍ഥി കീര്‍ത്തി വിജയനെ വിജയിയായി പ്രഖ്യാപിച്ചു. വിജയിക്ക് ആലപ്പുഴ മുല്ലയ്ക്കല്‍ നൂര്‍ ജ്വല്ലറി നല്‍കുന്ന സ്വര്‍ണ നാണയം സമ്മാനമായി ലഭിക്കും. മനോരമ ന്യൂസ് കറസ്പോണ്ടന്‍റ് റോയ് കൊട്ടാരച്ചിറ, ദൂരദര്‍ശന്‍ കമന്‍റേറ്റര്‍ ഹരികുമാര്‍ വാലേത്ത്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്റ്റര്‍ പി.ആര്‍. റോയ് എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് പേര് തെരഞ്ഞെടുത്തത്.

കലക്റ്ററുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ എന്‍ടിബിആര്‍ സൊസൈറ്റി സെക്രട്ടറിയായ സബ് കലക്റ്റര്‍ സമീര്‍ കിഷന്‍, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ നസീര്‍ പുന്നയ്ക്കല്‍, കൗണ്‍സിലര്‍ സിമി ഷാഫിഖാന്‍, കെ. നാസര്‍, എ. കബീര്‍, അബ്ദുള്‍സലാം ലബ്ബ, എം.പി. ഗുരുദയാല്‍, ഹരികുമാര്‍ വാലേത്ത്, എബി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.