ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിൽ ഏഴുവയസ്സുകാരന്‍റെ തുടയിൽ മറ്റൊരാൾക്ക് കുത്തിവയ്പ്പെടുത്ത സൂചി തുളച്ചുകയറിയെന്ന പരാതിയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആശുപത്രി ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി നിർദ്ദേശം നൽകിയത്. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
രണ്ടാഴ്ചമുമ്പാണ് സംഭവം. പനി ബാധിച്ച് കായംകുളം താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിയ കുട്ടിയെ കട്ടിലിൽ കിടത്തിയപ്പോഴാണ് സൂചി തുളച്ചുകയറിയത്. മറ്റേതോ രോഗിക്ക് കുത്തിവയ്പ്പെടുത്ത സൂചിയാണ് കട്ടിലിലുണ്ടായിരുന്നത്.
ഒരു രോഗിയെ മാറ്റി മറ്റൊരു രോഗിയെ കിടത്തുന്നതിന് മുമ്പ് കിടക്കവിരി ഉൾപ്പെടെ മാറ്റി ശുചീകരണം നടത്തണം. ആശുപത്രി ജീവനക്കാരുടെ അലംഭാവം കാരണമാണ് സൂചി തുളച്ചുകയറിയതെന്ന് പരാതിയുണ്ട്. സൂചി തുളച്ചുകയറിയതിനാൽ എച്ച്.ഐ.വി അടക്കമുള്ള പരിശോധനകൾ നടത്തേണ്ട അവസ്ഥയിലാണ് കുട്ടി. 14 വയസ്സുവരെ പരിശോധനകൾ തുടരണമെന്നാണ് നിർദേശം