മരണാനന്തര ചടങ്ങുകൾക്കിടെ മതിലിടിഞ്ഞ് 8 പേർക്ക് പരിക്ക്

വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
മരണാനന്തര ചടങ്ങുകൾക്കിടെ മതിലിടിഞ്ഞ് 8 പേർക്ക് പരിക്ക്
Updated on

ചാലക്കുടി: അന്നനാട്ടില്‍ മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിനിടയില്‍ പത്തടി ഉയരമുള്ള മതില്‍ ഇടിഞ്ഞ് വീണ് 8 പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരെ ചാലക്കുടി സെന്‍റ് ജെയിംസ് ആശുപത്രിയിലും, നാല് പേരെ ചാലക്കുടി താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

മിനിറ്റുകളുടെ വ്യത്യാസത്തിലാണ് വലിയ അപകടം ഒഴിവായത്. പെരുമ്പാവൂർ സ്വദേശി കണ്ടമതി കൃഷ്ണന്‍റെ ഭാര്യ ഗീത (45), കാട്ടൂര്‍ താനിയത് രവിയുടെ ഭാര്യ മിനി (53), തൃശൂര്‍ പൊന്നൂക്കര കോരന്‍കുഴിയില്‍ സുബ്രഹ്‌മണ്യന്‍ (70), ചാലക്കുടി വിതയത്തില്‍ വീട്ടില്‍ ലീല (49), നായരങ്ങാടി കോട്ടായി ബിന്ദു (45), നടത്തറ അഞ്ചേരി മജ്ഞുള (45), അന്നനാട് പെരുമ്പടതി തങ്ക (69), അന്നനാട് ‌ചെമ്മിക്കാടന്‍ ബിജുവിന്‍റെ ഭാര്യ മിനി (46) എന്നിവർക്കാണ് പരിക്കേറ്റത്.

അന്നനാട് ഉടുംമ്പുത്തറയില്‍ ശങ്കരന്‍റെ മരണാന്തര ചടങ്ങുകള്‍ നടക്കുമ്പോഴായിരുന്നു സമീപത്ത് പ്രവര്‍ത്തിക്കുന്ന ലീത പാക്കിങ് കമ്പനിയുടെ മതിലിന്‍റെ ഏകദേശം പത്തടിയോളം നീളത്തില്‍ ഇടിഞ്ഞു വീണത്. ഹോളോബ്രിക്‌സിന്‍റെ സിമന്‍റ് കട്ട തെറിച്ച് വീണാണ് പലർക്കും പരിക്കേറ്റത്. മതിലിന്‍റെ സമീപത്തായി നിന്നവര്‍ കുറെ പേര്‍ പെട്ടെന്ന് ഓടി മാറിയതിനാൽ വലിയ അപകടം ഒഴിവായി.

ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. നല്ല ശക്തമായ മഴയുണ്ടായിരുന്നു. ഉറപ്പൊന്നും ഇല്ലാതെ വെറും സിമന്‍റ് കട്ട കൊണ്ട് നിര്‍മിച്ച മതില്‍ കാലപ്പഴക്കം മൂലം ഇടിഞ്ഞ് വീഴുകയായിരുന്നു എന്നാണ് വിലയിരുത്തൽ.

മൃതദേഹം പന്തലില്‍ കിടത്തി പൂജ ചടങ്ങുകള്‍ കഴിഞ്ഞ് മുറ്റത്ത് നിന്ന് എടുത്തു മാറ്റിയത്തിന് പിന്നാലെയായിരുന്നു അപകടം. മൃതദേഹം മാറ്റുന്നതിന് മുന്‍പായിരുന്നെങ്കില്‍ നിലത്തിരുന്ന് കര്‍മങ്ങള്‍ നടത്തുകയായിരുന്ന ബന്ധുക്കളുടെ തലയിലേക്ക് മതിലിടിഞ്ഞ് വീഴുമായിരുന്നു.

സംഭവമറിഞ്ഞ് കാടുകുറ്റി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.സി. അയ്യപ്പന്‍, പഞ്ചായത്തംഗം രാജേഷ്, വില്ലേജ് ഓഫിസര്‍ മഹേശ്വരി തുടങ്ങിയവര്‍ സ്ഥലത്തെത്തി. മേൽ നടപടികള്‍ സ്വീകരിച്ചു.

Trending

No stories found.

Latest News

No stories found.