85 ശതമാനം കെഎസ്ആർടിസി ഡിപ്പോകളും പ്രവര്‍ത്തന ലാഭത്തിൽ

സിഎന്‍ജിയിലേക്ക് ബസുകള്‍ മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
85 percent of KSRTC depots operational
in profit
85 ശതമാനം കെഎസ്ആർടിസി ഡിപ്പോകളും പ്രവര്‍ത്തന ലാഭത്തിൽ
Updated on

തിരുവനന്തപുരം: ശബരിമല സർവീസിന് പുതിയ പ്രീമിയം ബസുകൾ ഉടൻ എത്തുമെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ നിയമസഭയെ അറിയിച്ചു. പുതിയ ബസുകളുടെ അഭാവം ശബരിമല സര്‍വീസിന് പ്രതിസന്ധിയാണ്. ബസുകള്‍ ക്രമീകരിച്ച് ഇത് പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണ്. പുതിയ പ്രീമിയം ബസുകള്‍ ശബരിമല സീസണ് മുമ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷ.

ബസുകള്‍ നല്‍കേണ്ട അശോക് ലൈലാന്‍ഡ് കമ്പനിക്ക് കുറച്ച് തുക കുടിശികയുണ്ട്. അതുടന്‍ പരിഹരിക്കും. 85 ശതമാനം ഡിപ്പോകളും പ്രവര്‍ത്തന ലാഭത്തിലേക്ക് എത്തിയിട്ടുണ്ടെന്നും പത്ത് യാത്രാ ഫ്യൂവല്‍ പമ്പുകള്‍ കൂടി ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. സിഎന്‍ജിയിലേക്ക് ബസുകള്‍ മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഒരു ബസിന് പത്ത് ലക്ഷം രൂപ ചെലവ് വരും. കൂടുതല്‍ ബസുകള്‍ സിഎന്‍ജിയിലേക്ക് ഘട്ടം ഘട്ടമായി മാറ്റും.

എംഎല്‍എമാരുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും ഗ്രാമീണ മേഖലയില്‍ ഉപയോഗിക്കുന്നതിന് ചെറിയ ബസുകള്‍ വാങ്ങുന്നത് ധനവകുപ്പ് അനുമതി നല്‍കിയാല്‍ പരിഗണിക്കാവുന്നതാണ്. ബ്രത്ത് അനലൈസര്‍ പരിശോധന കര്‍ശനമാക്കിയശേഷം അപകടനിരക്ക് കുറഞ്ഞിട്ടുണ്ട്. ഡ്രൈവര്‍മാരുടെ പിഴവുകൊണ്ട് ഉണ്ടാകുന്ന അപകടങ്ങളില്‍ മാത്രമാണ് അവരില്‍ നിന്നും നഷ്ടപരിഹാരത്തുക ഈടാക്കുന്നത്. തൃശൂരില്‍ ശക്തന്‍ തമ്പുരാന്‍റെ പ്രതിമ വട്ടം ചാടിയിട്ടല്ല കെഎസ്ആര്‍ടിസി ബസ് ഇടിച്ച് തകര്‍ത്തത്. വെറുതെ നിന്ന പ്രതിമയിലേക്ക് ബസ് ഇടിച്ചുകയറ്റുകയായിരുന്നു.

അതേസമയം കോഴിക്കോട് ബസ് തോട്ടിലേക്ക് വീണ സംഭവത്തില്‍ അപകടം ഒഴിവാക്കാന്‍ ഡ്രൈവര്‍ പരമാവധി ശ്രമിച്ചിരുന്നു. എന്നാല്‍ ഡ്രൈവറുടെ പിഴവ് കൊണ്ട് ഉണ്ടാകുന്ന അപകടങ്ങളുമുണ്ടെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ കഴിഞ്ഞ ഡിസംബറിന് ശേഷം കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് 883 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ നല്‍കി.പ്രോവിഡന്‍റ് ഫണ്ട്, പെന്‍ഷന്‍, എന്‍പിഎസ് കുടിശിക, എന്‍ഡിആര്‍ എന്നിവ ഉള്‍പ്പെടെയുള്ള കുടിശികയാണ് തീര്‍ത്തത്.

Trending

No stories found.

Latest News

No stories found.