റാന്നി: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിക്കൊടുക്കാത്തതിൽ പ്രതിഷേധിച്ച് പുഴയിൽ ചാടി പ്ലസ് ടു വിദ്യാർഥിയുടെ ആത്മഹത്യ ശ്രമം. പത്തനംതിട്ട റാന്നി അങ്ങാടി സ്വദേശിയായ വിദ്യാർഥിയാണ് റാന്നി വലിയ പാലത്തിൽ നിന്നും പുഴയിലേക്ക് എടുത്ത് ചാടിയത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. സൈക്കിളിൽ വന്ന വിദ്യാർഥി പാലത്തിനടതുത്ത് വാഹനം നിർത്തിയ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
ആളുകൾ ഓടിയെത്തിയപ്പോഴേക്കും കുട്ടി തന്നെ നീന്തി കരക്ക് കയറി. വെള്ളം കുറവായതിനാൽ വിദ്യാർഥി ഒഴുക്കിൽപ്പെട്ടില്ലെന്നും വലിയ അപകടം ഒഴിവായെന്നും നാട്ടുകാർ പറഞ്ഞു. തിരികെ നീന്തിക്കേറിയ വിദ്യാർഥിയെ നാട്ടുകാർ റാന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടർന്ന് പ്രാഥമിക ചികിത്സ നൽകി. കുട്ടിക്ക് പരിക്കുകളില്ല. വിവരമറിഞ്ഞ് വീട്ടുകാർ ആശുപത്രിയിലെത്തിയിട്ടുണ്ട്. പൊലീസും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.