കളമശേരിയിൽ വരും ജുഡീഷ്യൽ സിറ്റി

നിലവിലുള്ള ഹൈക്കോടതി, സ്ഥലപരിമിതി നേരിടുന്ന സാഹചര്യത്തിൽ ഭാവിയിലെ ആവശ്യങ്ങൾ കൂടി കണക്കിലെടുത്തുള്ള പദ്ധതിയാണ് തയ്യാറാക്കുക
കളമശേരിയിൽ വരും ജുഡീഷ്യൽ സിറ്റി
Updated on

കളമശശേരി: കളമേരി കേന്ദ്രമായി ജുഡീഷ്യൽ സിറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമാകുന്നു. തിരുവനന്തപുരത്ത് നടന്ന മുഖ്യമന്ത്രി - ഹൈക്കോടതി ചീഫ് ജസ്റ്റിസ് വാർഷിക യോഗത്തിലാണ് ഇത് സംബന്ധിച്ച നടപടികളിലേക്ക് കടക്കാൻ തീരുമാനിച്ചത്.

ജുഡീഷ്യൽ അക്കാദമി, മീഡിയേഷൻ സെന്റർ തുടങ്ങി രാജ്യാന്തര തലത്തിൽ ഉള്ള ആധുനിക സ്ഥാപനങ്ങളും, സംവിധാനങ്ങളും കളമശേരിയിൽ നിർമിക്കാൻ ആണ് ലക്ഷ്യമിടുന്നത്. ഭാവിയിലെ ഹൈക്കോടതി വിപുലീകരണം കൂടി കണക്കിലെടുത്തുള്ള സൗകര്യങ്ങളും ദീർഘകാല കാഴ്ചപ്പാടോടെ ഒരുക്കാനാണ് ആലോചന. ജഡ്ജിമാരുടെ ഓഫീസ്, അഡ്വക്കേറ്റ് ജനറൽ ഓഫീസ്, അഭിഭാഷകരുടെ ചേംബർ, പാർക്കിംഗ് സൗകര്യം എന്നിവ കളമശേരിയിൽ ഒരുക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

വനിതാ അഭിഭാഷകർക്കായി പ്രത്യേക സൗകര്യങ്ങളും ഒരുക്കും. നിലവിലുള്ള ഹൈക്കോടതി, സ്ഥലപരിമിതി നേരിടുന്ന സാഹചര്യത്തിൽ ഭാവിയിലെ ആവശ്യങ്ങൾ കൂടി കണക്കിലെടുത്തുള്ള പദ്ധതിയാണ് തയ്യാറാക്കുക.

കളമശേരി എച്ച്.എം.ടിക്കു സമീപം ഇതിനായി കണ്ടെത്തിയ ഭൂമി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ളവരും സർക്കാർ ഉന്നതോദ്യോഗസ്ഥരും സന്ദർശിച്ചിരുന്നു. നിലവിലെ ഹൈക്കോടതി മന്ദിരത്തോട് ചേർന്ന് ജഡ്ജിമാർക്കും ജീവനക്കാർക്കുമുള്ള താമസ സൗകര്യം ഒരുക്കുന്നതിനായി സ്ഥലം ഏറ്റെടുക്കുന്നതിന് പരിമിതികളുണ്ട്. പരിസ്ഥിതി ലോല മേഖല സംബന്ധിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം കാത്തിരിക്കുന്നതും ബജറ്റിൽ പ്രഖ്യാപിച്ച എക്സിബിഷൻ സിറ്റിയുടെ നടപടികൾ ആരംഭിച്ചതുമാണ് കാരണം. ഈ സാഹചര്യത്തിൽ ഭാവിയിലെ ഹൈക്കോടതി വികസനത്തിന് മറ്റ് വഴികൾ തേടേണ്ടിവരുമെന്നാണ് വിലയിരുത്തൽ.

എല്ലാ വിഭാഗം ജനങ്ങൾക്കുമുള്ള പ്രാപ്യത, യാത്രാസൗകര്യം, പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രാധാന്യം എന്നിവ കണക്കിലെടുക്കുമ്പോൾ ജുഡീഷ്യൽ സിറ്റിക്ക് ഏറ്റവും അനുയോജ്യം കളമശ്ശേരിയാണെന്ന് നിയമ മന്ത്രി പി.രാജീവ് പറഞ്ഞു. മേഖലയുടെ വൻ വികസനത്തിന് പദ്ധതി വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി, ജഡ്ജിമാരായ എ.കെ ജയശങ്കരൻ നമ്പ്യാർ, എ.മുഹമ്മദ് മുഷ്താഖ് മന്ത്രിമാരായ പി.രാജീവ്, കെ.രാജൻ, കെ.എൻ.ബാലഗോപാൽ, ചീഫ് സെക്രട്ടറി ഡോ.വി.വേണു, ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ് തുടങ്ങിയവർ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.