ഡൽഹി ഐഎഎസ് കോച്ചിങ് സെന്‍ററിലെ വെള്ളക്കെട്ടിൽ മരിച്ചവരിൽ എറണാകുളം സ്വദേശിയും; പ്രതിഷേധവുമായി വിദ്യാർഥികൾ

നവീന് പുറമെ മരിച്ച 2 പേരിൽ ഒരാൾ തെലങ്കാന സ്വദേശിയും മറ്റൊരാൾ ഉത്തര്‍പ്രദേശ് സ്വദേശിയും.
A Malayali student was also among those who died at the Delhi coaching centre
നവീന്‍ ഡാല്‍വിന്‍
Updated on

ന്യൂഡൽഹി: ഡൽഹി സിവിൽ സർവീസ് പരിശീലനകേന്ദ്രത്തിൽ വെള്ളം കയറി 3 വിദ്യാർഥികൾ മരിച്ച സംഭവത്തിൽ ഒരാൾ മലയാളി എന്നു സ്ഥിരീകരണം. എറണാകുളം അങ്കമാലി സ്വദേശി നവീന്‍ ഡാല്‍വിന്‍ ആണ് മരിച്ചത്. ജെഎന്‍യുവിലെ ഗവേഷക വിദ്യാര്‍ഥിയാണ് നവീന്‍.

ശനിയാഴ്ച രാത്രി 7 മണിയോടെയാണ് വെള്ളം കയറി 3 വിദ്യാർഥികൾ മരിച്ചത്. തുടർന്ന് ഇന്നു പുലർച്ചെ 1 മണിയോടെയാണ് നവീന്‍റെ മൃതദേഹം കണ്ടെത്തിയത്. നവീന് പുറമെ മരിച്ച 2 പേരിൽ ഒരാൾ തെലങ്കാന സ്വദേശിയും മറ്റൊരാൾ ഉത്തര്‍പ്രദേശ് സ്വദേശിയുമായിരുന്നു. 3 പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റിയെന്നും മരണവിവരം ബന്ധുക്കളെ അറിയിച്ചെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി.

അതേസമയം, സംഭവത്തിൽ അധികൃതരുടെ വീഴ്ച ആരോപിച്ച് കോച്ചിംഗ് സെന്‍ററിന് സമീപം പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഇവിടേക്ക് മാര്‍ച്ച് നടത്താനുള്ള വിദ്യാര്‍ഥികളുടെ ശ്രമം പൊലീസ് തടഞ്ഞു. തുടർന്ന് വിദ്യാര്‍ഥികളും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്.

ഡൽഹിയിലെ ഓൾഡ് രാജേന്ദ്ര ന​ഗറിൽ പ്രവർത്തിക്കുന്ന റാവു സിവിൽ സർവീസ് അക്കാദമിയുടെ ബേസ്മെന്‍റിൽ പ്രവർത്തിച്ചിരുന്ന ലൈബ്രറിയിലാണ് വെള്ളം കയറിയത്. കനത്ത മഴയെ തുടർന്ന് ഓടയിലും റോഡിലുമുണ്ടായ വെള്ളം ബേസ്മെന്‍റിലേക്ക് ഒഴുകിയിറങ്ങുകയായിരുന്നു. 3 നില കെട്ടിടത്തിന്‍റെ ബേസ്മെന്‍റിൽ 7 അടിയോളം ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. സംഭവ സമയത്ത് 30 ഓളം വിദ്യാർഥികളാണ് ഇവിടെ ഉണ്ടായിരുന്നത്. കെട്ടിടത്തിൽ കുടുങ്ങിയിരുന്ന 14 പേരെ രക്ഷപ്പെടുത്തി. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ വെള്ളം വറ്റിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവത്തിൽ 2 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Trending

No stories found.

Latest News

No stories found.