റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന്‍റെ കേസ് കോടതി ഞായറാഴ്ച പരിഗണിക്കും. ജയില്‍ മോചന ഉത്തരവ് ഞായറാഴ്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അബ്ദുറഹീമിന്‍റെ കേസ് റിയാദ് ക്രിമിനല്‍ കോടതിയുടെ പുതിയ ബെഞ്ചാണ് പരിഗണിക്കുക. സൗദി സമയം രാവിലെ 9 മണിയോടെയാകും കേസ് പരിഗണിക്കുക.
അബ്ദുറഹീമിന്‍റെ അഭിഭാഷകനും എംബസി ഉദ്യോഗസ്ഥനും അബ്ദുറഹീമും നേരിട്ടോ ഓണ്‍ലൈന്‍ വഴിയോ കോടതിയില്‍ ഹാജറാകുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ അസീര്‍ ഗവര്‍ണറുടെ പ്രതിനിധിയും കോടതിയില്‍ ഹാജറാകുമെന്ന സൂചന ഉണ്ട്. കഴിഞ്ഞ ജൂലൈ രണ്ടിന് അബ്ദുറഹീമിന്‍റെ വധശിക്ഷ കോടതി റദ്ദാക്കിയെങ്കിലും ജയില്‍ മോചിതനായിട്ടില്ല.
കേസ് പരിഗണിക്കുമ്പോള്‍ ജയില്‍ മോചന ഉത്തരവാണ് പ്രധാനമായും പ്രതീക്ഷിക്കുന്നത്. വധശിക്ഷ റദ്ദാക്കിയത്തോടെ പ്രൈവറ്റ് ഒഫന്‍സുമായി ബന്ധപ്പെട്ട കേസ് അവസാനിച്ചു. പബ്ലിക് ഒഫന്‍സുമായി ബന്ധപ്പെട്ട കേസ് ആണ് കോടതി ഇന്ന് പരിഗണിക്കുക. 18 വര്‍ഷത്തോളം തടവ് ശിക്ഷ അനുഭവിച്ച പശ്ചാത്തലത്തില്‍ ഈ കേസിൽ പ്രത്യേക ശിക്ഷ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ ഞായറാഴ്ച ജയില്‍ മോചന ഉത്തരവിന് സാധ്യത കൂടുതലാണ്. മോചന ഉത്തരവ് ഉണ്ടായാല്‍ അത് അപ്പീല്‍ കോടതിയും ഗവര്‍ണറേറ്റും അംഗീകരിച്ച ശേഷമായിരിക്കും ജയില്‍ മോചനം ഉണ്ടാവുക.
റഹീമിന്‍റെ മോചത്തിനായി സമാഹരിച്ച ഫണ്ടില്‍ ബാക്കിയുള്ള പതിനൊന്നരക്കോടി രൂപ മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാൻ ധാരണയായി. റഹീമിന്‍റെ അഭിപ്രായം കൂടി കേട്ട ശേഷം അന്തിമ തീരുമാനമെന്ന് നിയമ സഹായ സമിതി വ്യക്തമാക്കി. റഹീമിന്‍റെ മോചനത്തിനായി 47 കോടി 87 ലക്ഷത്തി 65,347 രൂപയാണ് ആകെ സമാഹരിച്ചതെന്ന് നിയമ സഹായ സമിതി അറിയിച്ചു. കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിലാണ് സമിതി കണക്ക് പുറത്തുവിട്ടത്. ദിയ ധനം ഉൾപ്പെടെയുള്ള ചെലവ് 36 കോടി 27 ലക്ഷത്തി 34,927 രൂപയാണ്. ബാക്കി 11 കോടി 60 ലക്ഷത്തി 30,420 രൂപ ട്രസ്റ്റ് അക്കൗണ്ടിൽ ഉണ്ട്. ഈ തുക എന്ത് ചെയ്യണമെന്ന് റഹീം നാട്ടിൽ തിരിച്ചെത്തിയ ശേഷം യോഗം ചേർന്ന് തീരുമാനിക്കുമെന്നും സമിതി അറിയിച്ചു.