കൊച്ചി: നിർമ്മല കോളെജ് വിദ്യാർഥിനി റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. ആൻസൻ റോയിയെ (22) ആണ് കാപ്പ ചുമത്തി ജയിലിൽ അടച്ചത്.
ഓപ്പറേഷന്‍ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി എറണാകുളം ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ കാപ്പ ചുമത്തി ജയിലിലടച്ചത്. ഇയാൾ മൂവാറ്റുപുഴ, വാഴക്കുളം എന്നിവിടങ്ങളിലെ പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടന്ന് നാശനഷ്ടമുണ്ടാക്കുക തുടങ്ങി വിവിധ കേസുകളിലും പ്രതിയാണ്.
ബൈക്കോടിച്ച ആൻസന് ലൈസന്‍സോ ലേണേഴ്സ് ലൈസന്‍സോ ഉണ്ടായിരുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ തെളിഞ്ഞിരുന്നു. നിരവധി കേസുകളിലെ പ്രതിയാണെന്ന് കണ്ടെത്തിയതോടെ കാപ്പ ചുമത്താൻ ഉള്ള നടപടികള്‍ നേരത്തെ തന്നെ പൊലീസ് ആരംഭിച്ചിരുന്നു. ബൈക്ക് ഓടിച്ചിരുന്ന ആൻസൻ റോയിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് ബികോം അവസാന വർഷ വിദ്യാർഥിനിയായ ആർ. നമിത (19) കൊല്ലപ്പെടുന്നത്. ജൂലൈ 26നായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അനുശ്രീ രാജിനും അന്ന് പരിക്കേറ്റിരുന്നു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.
അപകടശേഷവും ആൻസൺ തട്ടിക്കയറിയതായി വിദ്യാർഥികൾ ആരോപിച്ചു. ''വാഹനമായാൽ ഇടിക്കും'' എന്നായിരുന്നു ആൻസന്‍റെ പ്രതികരണം. അപകടത്തിന് മുൻപും ഇയാൾ കോളെജ് പരിസരത്ത് അമിത വേഗത്തിൽ ചുറ്റിക്കറങ്ങിയിരുന്നു. കോളെജിനു മുന്നിൽ ബൈക്ക് ഇരമ്പിച്ചതിനെത്തുടർന്ന് ഇയാളും വിദ്യാർഥികളുമായി വാക്കേറ്റവുമുണ്ടായിരുന്നു. തുടർന്ന് മടങ്ങിയ ഇയാൾ വീണ്ടും അമിത വേഗത്തിൽ തിരിച്ചെത്തിയപ്പോഴാണ് അപകടമുണ്ടായത്.