തിരുവനന്തപുരം: എറണാകുളം തൃപ്പൂണിത്തുറയിൽ കിടപ്പിലായ പിതാവിനെ മകൻ വാടകവീട്ടിൽ ഉപേക്ഷിച്ച സംഭവം ഞെട്ടിക്കുന്നതാണെന്നും അടിയന്തിര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകിയതായും സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു. സംഭവത്തെക്കുറിച്ചുള്ള മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവം മനസിനെ ഞെട്ടിക്കുന്നതാണെന്നും വയോധികന്‍റെ സംരക്ഷണം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു
70 വയസായ ഷൺമുഖൻ എന്ന വയോധികനാണ് വീടിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട് പട്ടിണി കിടക്കേണ്ട സാഹചര്യമുണ്ടായത്. രോഗിയായ പിതാവിനെ തനിച്ചാക്കി ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം ഷൺമുഖന്‍റെ മകൻ അജിത്ത് വാടകവീട് ഒഴിഞ്ഞ വാർത്തയറിഞ്ഞയുടനെ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമപ്രകാരം മകനെതിരെ നടപടികൾ സ്വീകരിക്കാൻ മെയിന്‍റനൻസ് ട്രൈബ്യുണൽ പ്രിസൈഡിംഗ് ഓഫീസറായ ഫോർട്ട് കൊച്ചി സബ് കലക്റ്റർക്ക് മന്ത്രി നിർദ്ദേശം നൽകി. കൂടാതെ അടിയന്തിരമായി അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറോടും എറണാകുളം ജില്ലാ സാമൂഹ്യനീതി ഓഫീസറോടും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.