68-ാം വയസില്‍ പരീക്ഷയെഴുതി ഇന്ദ്രൻസും

ഏഴാം തരം തുല്യതാ പരീക്ഷയെഴുതിയത് 3,161 പേര്‍
Actor Indrans write seventh standard equivalency exam
അട്ടക്കുളങ്ങര സ്കൂളിലെ പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷയെഴുതാന്‍ നടൻ ഇന്ദ്രൻസ്
Updated on

തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാ മിഷൻ അഥോറിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഏഴാം തരം തുല്യതാ പരീക്ഷയ്ക്ക് തുടക്കമായി. സംസ്ഥാനത്ത് 3,161 പേരാണ് ഈ പരീക്ഷയെഴുതിയത്. തിരുവനന്തപുരം അട്ടക്കുളങ്ങര സ്കൂളിലെ പരീക്ഷാ കേന്ദ്രത്തിൽ തന്‍റെ 68ാം വയസില്‍ പരീക്ഷയെഴുതാന്‍ പ്രമുഖ നടൻ ഇന്ദ്രൻസുമെത്തി.

നാലാം ക്ലാസാണ് നിലവില്‍ ഇന്ദ്രന്‍സിന്‍റെ വിദ്യാഭ്യാസ യോഗ്യത. രണ്ടാഴ്ചയ്ക്ക് ശേഷമെത്തുന്ന പരീക്ഷാഫലം അനുകൂലമായാൽ ഇന്ദ്രന്‍സിന് ഇനി പത്താം ക്ലാസ് തുല്യതാ പരീക്ഷ എഴുതാം. കുട്ടിക്കാലത്ത് കുടുംബ പ്രാരബ്ധങ്ങള്‍ മൂലം നാലാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച ഇന്ദ്രന്‍സ് പിന്നീട് തയ്യല്‍ കടയില്‍ ജോലി തുടങ്ങുകയായിരുന്നു. തുടര്‍ന്ന് സിനിമയിലെത്തി മികച്ച വസ്ത്രാലങ്കക്കാരനും പിന്നീട് അഭിനേതാവെന്നും പേരെടുക്കുമ്പോഴും, പാതിവഴിയില്‍ മുടങ്ങിയ പഠനവഴിയിലേക്ക് വീണ്ടും ഒരു മടക്കയാത്രയെന്ന മോഹം മനസിലുണ്ടായിരുന്നു. ഇതോടെയാണ് തുല്യതാ പരീക്ഷയിലേക്ക് നീങ്ങിയത്.

പരീക്ഷയെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഭയമുണ്ടെന്ന് ഇന്ദ്രൻസ് പ്രതികരിച്ചു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങളുടെ പരീക്ഷയാണ് നടന്നത്. ഞായറാഴ്ച സാമൂഹ്യശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളിൽ പരീക്ഷകൾ നടക്കും. നാലാംതരം തുല്യത 16ാം ബാച്ചിന്‍റെ പരീക്ഷയും ഞായറാഴ്ച നടക്കും. നാലാം തരത്തിൽ ആകെ 848 പേർ പരീക്ഷയെഴുതും. പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കായി നടത്തുന്ന നവചേതന പദ്ധതിയുടെ നാലാം തരം പരീക്ഷയും ഞായറാഴ്ച നടക്കും.

4,636 പേർ നവചേതന നാലാംതരം പരീക്ഷയിൽ പങ്കെടുക്കും. ഞായറാഴ്ച രാവിലെ 10 ന് ആരംഭിക്കുന്ന പരീക്ഷ പകൽ 2.30 ന് അവസാനിക്കും. മലയാളം, നമ്മളും നമുക്കു ചുറ്റും, ഗണിതം, ഇംഗ്ലീഷ് വിഷയങ്ങളിലാണ് പരീക്ഷ നടക്കുക. സാക്ഷരത മികവുത്സവവും ഇന്ന് നടക്കും. 597 പേർ സാക്ഷരതാ മികവുത്സവത്തിൽ പങ്കെടുക്കും. ഇതര സംസ്ഥാന തൊഴിലാളികൾക്കായി നടത്തുന്ന ചങ്ങാതി പദ്ധതിയുടെ ഭാഗമായുള്ള മികവുത്സവത്തിൽ 3,161 പേരും ഞായറാഴ്ച പരീക്ഷയെഴുതും.

Trending

No stories found.

Latest News

No stories found.