ന്യൂഡൽഹി: ലൈംഗികാതിക്രമക്കേസിൽ അന്വേഷണോദ്യോഗസ്ഥർ തനിക്കെതിരേ ഇല്ലാക്കഥകൾ മെനയുകയാണെന്ന് നടൻ സിദ്ദിഖ്. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ നടൻ സത്യവാങ്മൂലം സമർപ്പിച്ചു. കേസിൽ തനിക്ക് ജാമ്യം ലഭിച്ചാൽ ഇരയ്ക്ക് നീതി ലഭിക്കില്ലെന്ന വാദവും കേസെടുക്കാൻ ഉണ്ടായ കാലതാമസത്തെക്കുറിച്ചുള്ള വിശദീകരണവും നില നിൽക്കില്ലെന്നും സിദ്ദിഖ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
തനിക്കെതിരേ മാധ്യമവിചാരണയ്ക്ക് അവസരം ഒരുക്കുകയാണ് പൊലീസ്. യാഥാർഥ്യങ്ങൾ വളച്ചൊടിച്ചാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. പരാതിക്കാരി ഉന്നയിക്കാത്ത കാര്യങ്ങൾ പൊലും പൊലീസ് പറയുന്നുണ്ട്. ശരിയായ അന്വേഷണം പോലും നടത്താതെയാണ് തന്നെ പ്രതിയാക്കിയതെന്നും സിദ്ദിഖ് ആരോപിക്കുന്നു.
താൻ മലയാള സിനിമയിലെ ശക്തനായ വ്യക്തിയല്ല. പ്രധാന കഥാപാത്രമായി വരുന്ന ചുരുക്കം സിനിമകളേ ഉള്ളൂ. സഹവേഷങ്ങളാണ് ചെയ്തതിൽ അധികവും. ഡബ്ല്യു സിസി അംഗമായിട്ടും ഹേമ കമ്മിറ്റിക്കു മുന്നിൽ പരാതിക്കാരി ഈ വിഷയം ഉന്നയിച്ചിരുന്നില്ലെന്നും സിദ്ദിഖ് ആരോപിക്കുന്നു.