നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് തുറന്നത് പൊലീസ് അന്വേഷിക്കണമെന്ന നടിയുടെ ഹർജിയിൽ ഹൈക്കോടതി വിധി തിങ്കളാഴ്ച

എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം നടത്തണമെന്നും, കോടതിയുടെ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം
Actress assault case; On Monday, the High Court's verdict on the plea of ​​the actress asking the police to investigate the opening of the memory card
നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് തുറന്നത് പൊലീസ് അന്വേഷിക്കണമെന്ന നടിയുടെ ഹർജിയിൽ ഹൈക്കോടതി വിധി തിങ്കളാഴ്ച
Updated on

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാര്‍ഡ് തുറന്നത് പൊലീസ് അന്വേഷിക്കണമെന്ന നടിയുടെ ഹർജിയിൽ ഹൈക്കോടതി വിധി തിങ്കളാഴ്ച. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം നടത്തണമെന്നും, കോടതിയുടെ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. സിംഗിള്‍ ബെഞ്ചാണ് വിധി പറയുന്നത്. കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് തവണ നിയമ വിരുദ്ധമായി തുറന്നു പരിശോധിച്ചുവെന്നാണ് കണ്ടെത്തൽ.

സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച ഹൈക്കോടതി, മെമ്മറി കാര്‍ഡ് ആര്, എന്തിന് പരിശോധിച്ചുവെന്ന് കണ്ടെത്തണമെന്ന് ഉത്തരവിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെയാണ് അന്വേഷണത്തിനായി നിയോഗിച്ചത്. രണ്ട് കോടതി ജീവനക്കാരും അങ്കമാലി മുന്‍ മജിസ്‌ട്രേറ്റുമാണ് മെമ്മറി കാര്‍ഡ് പരിശോധിച്ചതെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്.

അതിനിടെ, മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട ആരോപണം അന്വേഷിച്ച പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ റിപ്പോര്‍ട്ട് വസ്തുതാപരമല്ലെന്നും, റദ്ദാക്കണമെന്നും കോടതി മേല്‍നോട്ടത്തില്‍ ഐജി റാങ്കില്‍ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് നടി ഹൈക്കോടതിയില്‍ ഉപഹര്‍ജി നൽകുകയായിരുന്നു. അതിജീവിതയുടെ ഹര്‍ജിയെ അനുകൂലിച്ചാണ് സംസ്ഥാന സര്‍ക്കാരും നിലപാട് എടുത്തത്.

എന്നാൽ ഹർജിയെ എതിർത്ത് കേസിലെ എട്ടാം പ്രതി ദിലീപ് കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനില്ലാത്ത എതിര്‍പ്പ് എട്ടാം പ്രതിക്ക് എന്തിനാണെന്നായിരുന്നു ഹൈക്കോടതി ചോദിച്ചത്. കോടതിയും അതിജീവിതയുമാണ് ഈ കേസിലെ കക്ഷികള്‍. അന്വേഷണ റിപ്പോര്‍ട്ട് നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപിനെ ബാധിക്കുന്നതല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Trending

No stories found.

Latest News

No stories found.