എം.ബി. സന്തോഷ്
തിരുവനന്തപുരം: കേരള പൊലീസിലെ രണ്ടാമനായ എഡിജിപി എം.ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റും. ഇതു സംബന്ധിച്ച ഉത്തരവ് നിയമസഭാ സമ്മേളനം തുടങ്ങുന്ന 4ന് മുമ്പായി ഉണ്ടാവും. അതേസമയം, നിലമ്പൂരിൽ നിന്നുള്ള ഇടതു സ്വതന്ത്രൻ പി.വി. അൻവർ എംഎൽഎയ്ക്ക് പിന്നാലെ സർക്കാരിനെതിരേ അതൃപ്തി പരസ്യമാക്കിയ ഡോ. കെ.ടി. ജലീൽ എംഎൽഎയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും തകൃതിയായി തുടരുന്നു.
സിപിഎം പൊളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കാൻ ഡൽഹിക്കു പോയ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അന്തരിച്ച പുഷ്പന് കണ്ണൂരിൽ അനുശോചനം രേഖപ്പെടുത്തിയ ശേഷം ഇന്ന് തിരുവനന്തപുരത്തെത്തും. എഡിജിപിക്കെതിരായ പരാതികൾ അന്വേഷിക്കുന്ന ഡിജിപി ഷേയ്ഖ് ദർവേഷ് സാഹിബിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ടും ഇന്നോ നാളെയോ മുഖ്യമന്ത്രിക്ക് സമർപ്പിച്ചേക്കും. അങ്ങനെയാണെങ്കിൽ ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തിൽ എഡിജിപിക്കെതിരായ നടപടി മുഖ്യമന്ത്രി പ്രഖ്യാപിക്കാനാണ് സാധ്യത.
ആർഎസ്എസ് ദേശീയ നേതാക്കൾക്കെതിരെ നിരന്തരം കൂടിക്കാഴ്ച നടത്തിയ എഡിജിപിക്കെതിരേ നടപടി എടുക്കണമെന്ന് സിപിഐ മന്ത്രിമാർ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. "അന്വേഷണ റിപ്പോർട്ട് വരട്ടെ' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് സ്വാഭാവിക നടപടിയാണെന്നാണ് എഡിജിപിയുടെ നിലപാട്. സിപിഐയ്ക്കു മാത്രമല്ല, ആർഎസ്എസുമായി "രാഷ്ട്രീയ കുരിശുയുദ്ധം' പ്രഖ്യാപിച്ച സിപിഎമ്മിനും ഇത് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്. ഈ കൂടിക്കാഴ്ചകളുടെ പേരിൽ എഡിജിപിക്കെതിരേ നടപടി പരസ്യമായി ആവശ്യപ്പെട്ട സിപിഐയ്ക്ക് ഇനി അതിൽ നിന്ന് പിന്നോട്ടുപോകാനാവില്ലെന്ന് മുഖ്യമന്ത്രിക്കും അറിയാം. നിയമസഭാ സമ്മേളനം ആരംഭിക്കുന്ന സാഹചര്യത്തിൽ അതിന്‍റെ പേരിൽ സിപിഐയെ കൂടി പിണക്കാൻ സിപിഎം ആഗ്രഹിക്കുന്നില്ല.
എഡിജിപിക്കെതിരേ നടപടി എടുത്താൽ അത് അൻവറിന്‍റെ വിജയമായി കൂടി വിലയിരുത്തപ്പെടും. അത് സിപിഎം ആഗ്രഹിക്കുന്നില്ലെങ്കിലും സിപിഐ അക്കാര്യത്തിൽ കടുംപിടിത്തം തുടരുന്നതിനാൽ അതെങ്കിലും ഉണ്ടായേ തീരൂ.
അതിനിടെ, മുൻ മന്ത്രി കൂടിയായ ഡോ. കെ.ടി. ജലീൽ നാളെ ചില വെളിപ്പെടുത്തൽ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസ് ഭരണത്തിലെ വീഴ്ചകളാണ് ജലീലിന്‍റെയും അതൃപ്തിയുടെ കാരണം. ഇനി തെരഞ്ഞെടുപ്പ് മത്സരത്തിനില്ലെന്ന അദ്ദേഹത്തിന്‍റെ പ്രഖ്യാപനവും ഇതിന്‍റെ തുടർച്ചയാണെന്നാണ് വിലയിരുത്തൽ. സിപിഎം ഉന്നത നേതാക്കൾ ഉൾപ്പെടെ ജലീലിനെ ബന്ധപ്പെട്ട് അതൃപ്തി പരിഹരിക്കാൻ നടപടി ഉറപ്പുനൽകിയതായാണ് സൂചന. അൻവറിന് പിന്നാലെ ജലീൽ കൂടി പോയാലുള്ള പ്രത്യാഘാതം തിരിച്ചറിഞ്ഞാണ് അടിയന്തര നടപടി.