പി.പി. ദിവ്യ ഇന്ന് ജാമ്യാപേക്ഷ നൽകും; എതിർത്ത് കക്ഷി ചേരാൻ നവീൻ ബാബുവിന്‍റെ കുടുംബം

ദിവ്യയെ രണ്ടാഴ്ചത്തേക്ക് തളിപ്പറമ്പ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തു.
adm naveen babu case pp divya to file bail petition today
പി.പി. ദിവ്യfile
Updated on

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ റിമാൻഡിലായ പി.പി. ദിവ്യ ഇന്ന് (oct 30) ജാമ്യാപേക്ഷ നൽകും. തലശേരി സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കുക. ദിവ്യയുടെ ജാമ്യപേക്ഷ എതിർക്കുമെന്ന് നവീൻ ബാബുവിന്‍റെ കുടുംബം വ്യക്തമാക്കി. ജാമ്യപേക്ഷയിൽ നവീന്‍റെ ഭാര്യ മജ്ഞുഷ കക്ഷിചേരും.

അതേസമയം, കേസിൽ പ്രതിയായ കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യയെ രണ്ടാഴ്ചത്തേക്ക് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തു. പള്ളിക്കുന്നിലെ വനിതാ ജയിലിലായിരിക്കും ദിവ്യയെ പാര്‍പ്പിക്കുക. കനത്ത പൊലീസ് സുരക്ഷയോടെയാണ് ദിവ്യയെ തളിപ്പറമ്പ് മജിസ്ട്രേറ്റിന്‍റെ വീട്ടിൽ ഹാജരാക്കിയത്. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയതിന് പിന്നാലെയാണ് ദിവ്യ കീഴടങ്ങിയത്.

എഡിഎമ്മിനെ അപമാനിക്കാനും അപഹസിക്കാനും ദിവ്യ ശ്രമിച്ചെന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവിൽ പറയുന്നു. തന്‍റെ സഹപ്രവർത്തക്കാരുടെയും ജീവനക്കാരുടെയും മുന്നിൽ അപമാനിതനായതിൽ മനം നൊന്ത് മറ്റു വഴികൾ ഇല്ലാതെയാണ് എഡിഎം ജീവനൊടുക്കിയത്. ആസൂത്രിതമായാണ് ദിവ്യ തന്നെ ക്ഷണിക്കാത്ത പരിപാടിയിലെത്തിയത്. ദിവ്യയുടെ പങ്ക് വ്യക്തമാണെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

ഈ മാസം 15ന് പത്തനംതിട്ടയിലേക്കുള്ള യാത്രയയപ്പ് യോഗത്തിൽ പി.പി. ദിവ്യ പരസ്യ വിമർശനം നടത്തിയതിൽ മനം നൊന്ത് താമസസ്ഥലത്തേക്കു മടങ്ങിയ നവീൻ ബാബു ജീവനൊടുക്കുകയായിരുന്നു. ആത്മഹത്യാ പ്രേരണാ കുറ്റമാണ് ദിവ്യയ്ക്കെതിരേ ചുമത്തിയിരിക്കുന്നത്. ദിവ്യയ്ക്കു വേണ്ടി അഭിഭാഷകന്‍ കെ. വിശ്വനും പ്രോസിക്യൂഷനു വേണ്ടി കെ. അജിത്കുമാറും നവീന്‍ ബാബുവിന്‍റെ കുടുംബത്തിന് വേണ്ടി ജോണ്‍ എസ്. റാല്‍ഫുമാണ് കോടതിയില്‍ ഹാജരായത്.

Trending

No stories found.

Latest News

No stories found.