പി.പി. ദിവ്യയ്ക്ക് തിരിച്ചടി, നവീൻ ബാബുവിന് ക്ലീന്‍ ചിറ്റ്

അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് ലാൻഡ് റവന്യു ജോയിന്‍റ് കമ്മിഷണർ
There is no evidence that ADM Naveen Babu took bribe
നവീൻ ബാബുവിന് ക്ലീന്‍ ചിറ്റ്file
Updated on

തിരുവനന്തപുരം: കണ്ണൂർ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റായിരുന്ന (എഡിഎം) നവീൻ ബാബുവിന്‍റെ ദുരൂഹ മരണത്തിന് പിന്നാലെ ഉയർന്ന കൈക്കൂലി ആരോപണത്തിൽ അദ്ദേഹം കുറ്റക്കാരനല്ലെന്ന് ലാൻഡ് റവന്യു ജോയിന്‍റ് കമ്മിഷണർ എ. ഗീതയുടെ അന്വേഷണ റിപ്പോർട്ട്. പെട്രോൾ പമ്പ് അനുമതിയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണത്തിലെ അന്വേഷണത്തിൽ നവീൻ ബാബുവിന് ക്ലീൻ ചിറ്റ് നൽകുന്ന റിപ്പോർട്ടാണ് റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് എ. ഗീത സമർപ്പിച്ചത്. പെട്രോൾ പമ്പുമായി ബന്ധപ്പെട്ട എൻഒസി നവീൻ ബാബു വൈകിപ്പിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഫയലുകൾ വച്ച് താമസിപ്പിച്ചിരുന്ന ആളല്ല നവീൻ ബാബു. ക്രമവിരുദ്ധമായി അദ്ദേഹം ഒന്നും ചെയ്തിട്ടില്ല. നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നതു ശരിയല്ല. കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചിട്ടില്ല- റിപ്പോർട്ടിൽ പറയുന്നു.

പമ്പ് അപേക്ഷകനായ ടി.വി. പ്രശാന്തിനെ നിയമപരമായി സഹായിക്കുന്ന നിലപാടാണ് എഡിഎം സ്വീകരിച്ചത്. ഫയല്‍ പരിശോധനയിലും ജീവനക്കാരില്‍ നിന്നു ശേഖരിച്ച വിവരങ്ങളില്‍ നിന്നും ഇതു വ്യക്തമായി. മുഖ്യമന്ത്രിക്കു പരാതി നല്‍കിയെന്നു പറയുന്ന പ്രശാന്തില്‍ നിന്നും വിവരങ്ങള്‍ ആരാഞ്ഞു. പൊലീസ്, പൊതുമരാമത്ത്, അഗ്‌നിരക്ഷാ സേന, ടൗണ്‍ പ്ലാനിങ് തുടങ്ങിയവയില്‍ നിന്നുള്ള എന്‍ഒസി ലഭിച്ചാല്‍ മാത്രമേ അന്തിമ എന്‍ഒസി നല്‍കാനാവൂ എന്നതിനാല്‍ ഫയല്‍ പിടിച്ചു വച്ചുവെന്ന ആരോപണങ്ങളും തെളിയിക്കാനായിട്ടില്ല- റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

നവീൻ ബാബുവിന് പത്തനംതിട്ടയിലേക്കുള്ള യാത്രയയപ്പു ചടങ്ങിൽ ആക്ഷേപിക്കുന്ന വിഡിയോ മാധ്യമങ്ങൾക്ക് കൈമാറിയതു ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.പി. ദിവ്യയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും പരാമർശമുണ്ട്. വിഡിയോ പകർത്തിയ ചാനൽ പ്രവർത്തകരിൽ നിന്നു ജോയിന്‍റ് കമ്മിഷണർ വിവരങ്ങളും ദൃശ്യങ്ങളുടെ പകർപ്പും ശേഖരിച്ചിരുന്നു. അന്വേഷണവുമായി ദിവ്യ സഹകരിക്കാത്തതിനാൽ അവരുടെ മൊഴി റിപ്പോർട്ടിൽ രേഖപ്പെടുത്തിട്ടില്ല. യാത്രയയപ്പുമായി ബന്ധപ്പെട്ടു ഗൂഢാലോചന നടന്നെന്ന ആരോപണം ജില്ലാ കലക്റ്റർ അരുൺ കെ. വിജയനും എ. ഗീതയോട് നിഷേധിച്ചിട്ടുണ്ട്. 14നു രാവിലെ നടന്ന സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്‍റെ ഉദ്ഘാടക ദിവ്യയും അധ്യക്ഷൻ കലക്റ്ററും ആയിരുന്നു. അവിടെ വച്ച് യാത്രയയപ്പ് ചടങ്ങിന്‍റെ സമയം ദിവ്യ ചോദിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.