തിരുവനന്തപുരം: സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജുകളിലെ പ്രിന്‍സിപ്പൽ നിയമനത്തില്‍ സെലക്ഷന്‍ കമ്മിറ്റി പട്ടികയിലുള്ള 43 പേര്‍ക്കും താത്കാലിക നിയമനം നല്‍കണമെന്ന് അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍. ഈ പട്ടിക റദ്ദാക്കി പുതിയ സെലക്ഷന്‍ നടത്താനായിരുന്നു സര്‍ക്കാര്‍ നീക്കം. എന്നാല്‍ യോഗ്യരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ച് വീണ്ടും സെലക്ഷന്‍ നടത്താന്‍ സര്‍ക്കാരിന് അനുമതിയുണ്ട്. മന്ത്രി ബിന്ദു കരട് പട്ടികയായി പരിഗണിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ 43 അംഗ അന്തിമ പട്ടികയില്‍ നിന്നാണ് ഉടന്‍ നിയമനം നടത്തണമെന്ന് നിര്‍ദ്ദേശം. രണ്ടാഴ്ചക്കുള്ളില്‍ നിയമനം നടത്തണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയ ട്രൈബ്യൂണല്‍ ഇതുവരെ യോഗ്യത തേടിയവരെ ഉള്‍പ്പെടുത്തി പുതിയ നിയമനം നടത്താനും നിര്‍ദ്ദേശം നല്‍കി.
പ്രിന്‍സിപ്പാള്‍ നിയമനത്തിനായി സെലക്ഷന്‍ കമ്മിറ്റിയും ഡിപ്പാര്‍ട്ട്മെന്‍റ് പ്രമോഷന്‍ കമ്മിറ്റിയും അംഗീകരിച്ച പട്ടികയെ കരട് പട്ടികയാക്കി മാറ്റിയത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിന്‍റെ നിര്‍ദേശ പ്രകാരം ആയിരുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. മന്ത്രിയുടെ ഈ നിലപാട് തള്ളുന്നതാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ട 43 പേര്‍ക്കും താത്കാലിക നിയമനം നല്‍കാനുള്ള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ ഉത്തരവ്. 2 ആഴ്ചയ്ക്കകം നിയമന ഉത്തരവ് കൈമാറാനാണ് നിര്‍ദേശം. സെലക്ഷന്‍ കമ്മിറ്റി തയ്യാറാക്കിയ പട്ടിക റദ്ദാക്കി സെലക്ഷന്‍ നടപടികള്‍ ആദ്യം മുതല്‍ നടത്താന്‍ അനുവദിക്കണം എന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇത് അതേ പടി ട്രൈബ്യൂണല്‍ അംഗീകരിച്ചില്ല. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് നിയമനം നല്കിക്കൊണ്ട് മാത്രം പുതിയ സെലക്ഷന്‍ നടത്തിയാല്‍ മതിയെന്ന് ട്രൈബ്യൂണല്‍ നിലപാട് എടുത്തു. ലിസ്റ്റില്‍ ഉള്‍പ്പെട്ട 43 പേരും റീ സെലക്ഷന്‍റെ ഭാഗമാകണം. ഇവരുടെ സീനിയോറിറ്റി, സ്ഥിര നിയമനം എന്നിവ അന്തിമ തീര്‍പ്പിന് വിധേയമാണ്.
പ്രിന്‍സിപ്പല്‍ നിയമനവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഇന്നലെ ഹാജരാക്കാന്‍ ട്രൈബ്യൂണല്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഹാജരാക്കിയ ഫയലുകള്‍ അപൂര്‍ണ്ണമാണെന്ന് ട്രൈബ്യൂണല്‍ഉത്തരവില്‍ പരാമര്‍ശമുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച അപ്പീല്‍ കമ്മിറ്റി തയ്യാറാക്കിയ 76 പേരുടെ പട്ടികയില്‍ നിന്ന് നിയമനം നടത്താന്‍ ആയിരുന്നു സര്‍ക്കാര്‍ നീക്കം. ഇതിന്‍റെ ഭാഗമായി ലിസ്റ്റില്‍ ഉണ്ടായിരുന്നു 43 പേരുടെ നിയമനം സര്‍ക്കാര്‍ മാസങ്ങളായി വലിച്ചു നീട്ടി. സര്‍ക്കാരിന്‍റെ ഈ രണ്ട് നീക്കങ്ങള്‍ക്കും തിരിച്ചടി നല്‍കി കൊണ്ടാണ് ട്രിബ്യൂണല്‍ ഉത്തരവ്.
ട്രൈബ്യൂണല്‍ വിധി അംഗീകരിക്കുന്നു എന്ന് മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. അര്‍ഹരായവര്‍ക്ക് നിയമനം ലഭിക്കണമെന്നത് സര്‍ക്കാര്‍ നിലപാട് ആണ്. വിധിയുടെ പൂര്‍ണ്ണ വിവരങ്ങള്‍ അറിയില്ലവിധി പരിശോധിച്ചതിനുശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.