കൊച്ചി: വന്ദേഭാരത് ട്രെയിനിനു നേരേ വീണ്ടും കല്ലേറ്. കാസർഗോട് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് ട്രെയിനിനു നേരേ ശനിയാഴ്ച രാത്രി 7.30 യോടെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷന്‍ പരിധിയിൽ കുരീക്കാട് വച്ചാണ് കല്ലേറുണ്ടായത്. ഏറു കൊണ്ട് ട്രെയിനിന്‍റെ ചില്ല് പൊട്ടി. C-6 കോച്ചിന്‍റെ ജനാലയിലാണ് കല്ല് പതിച്ചത്.
യാത്രക്കാരാണ് കല്ലേറുണ്ടായ വിവരം ടിടിആറിനെ അറിയിച്ചത്. തുടർന്ന് ആർപിഎഫിനെ വിവരമറിയിക്കുകയായിരുന്നു. ആർപിഎഫും പൊലീസും തിരച്ചിൽ നടത്തിയെങ്കിലും കല്ലെറ്റിഞ്ഞവരെ കണ്ടെത്താനായില്ല.
വിജനമായ പ്രദേശത്ത് വച്ചായിരുന്നു സംഭവം. ചോറ്റാനിക്കര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മുന്‍പ് തിരൂരും പാപ്പിനിശേരിയിലും വന്ദേഭാരത് ട്രെയിനിനു നേരേ കല്ലേറുണ്ടായിരുന്നു.