തിരുവനന്തപുരം: പരീക്ഷയ്ക്ക് തലേന്ന് ചോദ്യ പേപ്പർ പിഎസ്‌സി വെബ്സൈറ്റിൽ എന്ന പ്രചാരണത്തിനെതിരെ പബ്ലിക് സർവീസ് കമ്മീഷൻ നിയമനടപടിക്ക്. പരീക്ഷ കഴിഞ്ഞാൽ ചോദ്യപേപ്പറും താത്ക്കാലിക ഉത്തരസൂചികയും ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാറുണ്ടെന്നും ഇത് ചൂണ്ടിക്കാട്ടിയാണ് പ്രചാരണമെന്നും പിഎസ്‌സി അറിയിച്ചു.
ഒക്ടോബർ അഞ്ചിന് ഉച്ചക്ക് 1.30 മുതൽ 3.30 വരെ നടന്ന വയനാട്, എറണാകുളം ജില്ലകളിലേക്കുള്ള ക്ലാർക്ക് പരീക്ഷയുടെ ചോദ്യപേപ്പറും താത്ക്കാലിക ഉത്തരസൂചികകയും പരീക്ഷാ നടപടികൾ പൂർത്തികരിച്ചതിനു ശേഷമാണ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. ഗൂഗിൾ സെർച്ചിൽ ചോദ്യപേപ്പർ പ്രസിദ്ധീകരിച്ച സമയം തെറ്റായി കാണപ്പെട്ടാത് വാർത്തയ്ക്ക് ആധാരം.
ഗൂഗിളിന്‍റെ സെർച്ചിൽ കാണുന്ന ടൈം സ്റ്റാമ്പിൽ കൃത്യതയില്ലാതെ വരുമെന്നും പ്രസിദ്ധീകരിച്ച തിയതിയിൽ അക്കാരണത്താൽ മാറ്റം സംഭവിക്കാമെന്നും ഗൂഗിൾ മുൻപ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇത് മൂലമാണ് സമയത്തിൽ മാറ്റമുണ്ടായതെന്നും പിഎസ്‌സി വിശദീകരിക്കുന്നു. വിഷയം ഗൂഗിളിന്‍റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും പരിശോധന നടത്താതെയുള്ള പ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം കമ്മീഷൻ പരിശോധിക്കുമെന്നും പിഎസ്‌സി വാർത്താക്കുറിപ്പിൽ അറിയിച്ചു.