പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന തീരുമാനത്തിൽ നിന്ന് പിൻമാറുന്നതായി യൂത്ത് കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി എ.കെ. ഷാനിബ്. എൽഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന പി. സരിന് പിന്തുണ അറിയിക്കുകയാണെവന്നും അദ്ദേഹത്തിന്‍റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും എ.കെ. ഷാനിബ് മാധ്യമങ്ങളോട് പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി സരിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സ്ഥാനാര്‍ഥിത്വത്തിൽ നിന്നുള്ള പിന്‍മാറ്റം.
തനിക്ക് ലഭിക്കുന്ന മതേതരവോട്ടുകള്‍ ഭിന്നിക്കരുതെന്ന് കരുതിയാണ് സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചത്. ഏതൊരു ലക്ഷ്യത്തിനുവേണ്ടിയാണോ തന്റെ പേരാട്ടം, അത് ലക്ഷ്യത്തിലെത്തണമെന്ന അഭിപ്രായത്തിന്‍റെ ഭാഗമായി കൂടിയാണ് തീരുമാനം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രക്ഷപ്പെടണമെന്ന് കരുതുന്ന എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ കഴിയുന്ന തരത്തില്‍ കമ്യൂണിസ്റ്റുകാരന് വോട്ടു ചെയ്യാന്‍ മടിയുള്ള ആളുകള്‍ക്കും സരിന്‍റെ സ്വതന്ത്ര ചിഹ്നത്തില്‍ വോട്ട് ചെയ്യാനുതകുന്ന നിലപാട് സ്വീകരിക്കുകയാണ്- ഷാനിബ് പറഞ്ഞു.
താൻ കോൺഗ്രസുകാരനാണ്. കമ്മ്യൂണിറ്റാവാൻ ആഗ്രഹിക്കുന്നില്ല. കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങൾക്കെതിരേയാണ് തന്‍റെ പേരാട്ടം. കോൺഗ്രസിനുളുള്ളിലെ പ്രശ്നങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അത് നേതാക്കൾ തന്നെ സമ്മതിച്ചിട്ടുണ്ട്. തങ്ങളുെട തുറന്നു പറച്ചിലിന്‍റെ ഫലമായി നിരവധി വോട്ടുകൾ ചോരും. അതൊന്നും ബിജെപിയിലേക്ക് പോവാതിരിക്കാനാണ് താൻ സരിനെ പിന്തുണയ്ക്കുന്നതെന്നും ഷാനിബ് മാധ്യമങ്ങളോട് പറഞ്ഞു.