പത്തനംതിട്ട: നിയമനക്കോഴ കേസിലെ മുഖ്യപ്രതി അഖിൽ സജീവിനെ 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് രാവിലെ അഖിലിനെ പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു. പത്തനംതിട്ട സിഐടിയു ഓഫീസില്‍നിന്ന് പണം തട്ടിയ കേസിലാണ് നടപടി.
അഖില്‍ സജീവിനെ കോടതിയില്‍ ഹാജരാക്കാന്‍ വൈകിയെന്ന് വാദിച്ച പ്രതിഭാഗം മൂന്നര ലക്ഷം രൂപയുടെ മാത്രം തട്ടിപ്പാണിതെന്നും ഇതിൽ അന്വേഷണം ആവശ്യമില്ലെന്നും പ്രതിഭാഗം വാദിച്ചു.
എന്നാൽ സംസ്ഥാനത്ത് പത്തിലധികം തട്ടിപ്പു കേസുകളിൽ ഇയാൾ പ്രതിയാണെന്നും വിശദമായി അന്വേഷണം ആവശ്യമാണെന്നും പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. സിഐടിയു തട്ടിപ്പിലെ തെളിവെടുപ്പിന് ശേഷം പ്രതിയെ കന്‍റോണ്‍മെന്‍റ് പൊലീസിന് കൈമാറും. കന്‍റോണ്‍മെന്‍റ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ ശേഷമാകും നിയമനക്കോഴ കേസില്‍ അഖില്‍ സജീവിനെ ചോദ്യം ചെയ്യുക.