വത്തിക്കാൻ ഇടപെടുന്നു: ആലഞ്ചേരിക്കും താഴത്തിനും സ്ഥാനചലനമുണ്ടായേക്കും

കുർബാന തർക്കം പരഹരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സീറോ മലബാർ സഭാ നേതൃത്വത്തിൽ കാര്യമായ അഴിച്ചുപണി നടത്താൻ നിർദേശിച്ചെന്ന് സൂചന
കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മാർ ആൻഡ്രൂസ് താഴത്ത്.
കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മാർ ആൻഡ്രൂസ് താഴത്ത്.
Updated on

പ്രത്യേക ലേഖകൻ

കൊച്ചി: സീറോ മലബാർ സഭയുടെ അങ്കമാലി അതിരൂപതയിൽ കുർബാന തർക്കം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിന് വത്തിക്കാൻ നേരിട്ട് ഇടപെടുന്നു. ഇതിന്‍റെ ഭാഗമായി വത്തിക്കാൻ പ്രതിനിധി കർദിനാൾ ലിയോ പോൾ ജിറേലി കൊച്ചിയിലെത്തി സീറോ മലബാർ സഭാധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി ചർച്ച നടത്തിയെന്നാണ് വിവരം.

അങ്കമാലി അതിരൂപതയിൽ നിലനിൽക്കുന്ന വിവിധ തർക്കങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാർ ആൻഡ്രൂസ് താഴത്തിനെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി വത്തിക്കാൻ നേരത്തെ നിയമിച്ചത്. എന്നാൽ, അദ്ദേഹത്തിന് ദൗത്യം വിജയിപ്പിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ഈ സ്ഥാനത്തു നിന്നു മാറ്റാനാണ് തീരുമാനമെന്ന് അറിയുന്നു. ഈ തീരുമാനം നടപ്പായാൽ ജനുവരിയിൽ നടക്കാനിരിക്കുന്ന സീറോ മലബാർ സിനഡ് വരെ അങ്കമാലി അതിരൂപതയുടെ ചുമതല വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ് സിറിൽ വാസ് നേരിട്ടായിരിക്കും കൈകാര്യം ചെയ്യുക. ആൻഡ്രൂസ് താഴത്തിന്‍റെ സ്ഥാനത്തേക്ക് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി സഭയുടെ മുൻ പിആർഒ ഫാ. ജിമ്മി പൂച്ചക്കാട്ടിൽ, ഫരീദാബാദ് ആർച്ച് ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ് ജോസ് പുത്തൻവീട്ടിൽ എന്നിവരെ പരിഗണിക്കുന്നതായും അറിയുന്നു.

അതേസമയം, തർക്കം പരിഹരിക്കാൻ സാധിക്കുന്നില്ലെങ്കിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി രാജി വയ്ക്കണമെന്നു സഭാ പ്രതിനിധി ആവശ്യപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. എന്നാൽ, വത്തിക്കാൻ പ്രതിനിധിയോട് കർദിനാൾ ആലഞ്ചേരി തന്‍റെ അനാരോഗ്യം സൂചിപ്പിച്ച് ചില ചുമതലകളിൽ നിന്ന് മാറു നിൽക്കാൻ താത്പര്യം പ്രകടിപ്പിച്ചതാണെന്നും വാദമുണ്ട്.

അതേസമയം, വത്തിക്കാൻ ഈ രണ്ട് പ്രമുഖരുടെയും കാര്യത്തിൽ നൽകിയിരിക്കുന്ന നിർദേശം നടപ്പാകണമെന്നും നിർബന്ധമില്ല. ഇക്കാര്യത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കാൻ സീറോ മലബാർ സിനഡിന് അധികാരമുണ്ട്. അതുകൊണ്ടു തന്നെ ജനുവരിയിൽ ചേരുന്ന സിനഡിനു മുൻപു തന്നെ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുത്താനുള്ള ശ്രമമാണ് വത്തിക്കാന്‍റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും സഭാ വൃത്തങ്ങൾ സൂചന നൽകുന്നു.

Trending

No stories found.

Latest News

No stories found.