വന്ദേ ഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിക്കേണ്ടത് അവകാശമാണ് ഔദാര്യമല്ല: കൊടിക്കുന്നിൽ സുരേഷ്

സ്റ്റോപ്പ് അനുവദിക്കാൻ അർഹതയില്ലാഞ്ഞിട്ടല്ല റെയിൽവേ മന്ത്രാലയം സ്റ്റോപ്പ് അനുവദിക്കാത്തത്. ബി.ജെ.പിയ്ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയ മുതലെടുപ്പിന് അവസരം ഒരുക്കുകയാണ്
വന്ദേ ഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിക്കേണ്ടത് അവകാശമാണ് ഔദാര്യമല്ല: കൊടിക്കുന്നിൽ സുരേഷ്
Updated on

ചെങ്ങന്നൂർ: വന്ദേ ഭാരത എക്സ്പ്രസ് ട്രെയിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിക്കേണ്ടത് നാടിൻ്റെ അവകാശമാണ് ആരുടെയും ഔദാര്യമല്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു. വന്ദേ ഭാരത് ട്രെയിനിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ജനകീയ പ്രതിഷേധ മാർച്ച് റെയിൽവേ സ്റ്റേഷനു മുന്നിൽ പൊലീസ് തടഞ്ഞതിനെ തുടർന്ന് ചേർന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്റ്റോപ്പ് അനുവദിക്കാൻ അർഹതയില്ലാഞ്ഞിട്ടല്ല റെയിൽവേ മന്ത്രാലയം സ്റ്റോപ്പ് അനുവദിക്കാത്തത്. ബി.ജെ.പിയ്ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയ മുതലെടുപ്പിന് അവസരം ഒരുക്കുകയാണ്.

രാജ്യത്തെ നിലവിലുള്ള എല്ലാ ടെയിനുകളും കൊണ്ടുവന്നത് യു.പി.എ സർക്കാരാണ്. രാജധാനി, തുരന്തോ, ഗരീബ് രഥ് എന്നീ ട്രെയിനുകൾ കൊണ്ടുവന്നപ്പോഴൊന്നും കോൺഗ്രസ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചിട്ടില്ല. അനുവദിക്കുന്ന എല്ലാ ടെയിനുകളും പ്രധാനമന്ത്രി തന്നെ ചെന്ന് പച്ചക്കൊടി കാണിക്കുന്നത് തരംതാഴ്ന്ന പരിപാടിയാണ്. കാലാകാലങ്ങളിൽ സങ്കേതിക വിദ്യയ്ക്ക് അനുസൃതമായി പുതിയ ട്രെയിനുകൾ നമ്മുടെ കോച്ച് ഫാക്ടറികളിൽ നിർമ്മിക്കും. അതിൽ അസ്വഭാവികത ഒന്നുമില്ല. പുതിയതായി ഏതു ട്രെയിനുകളും സ്റ്റോപ്പുകളും അനുവദിക്കുമ്പോൾ റെയിൽ മന്ത്രാലയം സാങ്കേതിക തടസ്സം പറയുക പതിവാണ്.

സ്റ്റോപ്പ് അനുവദിക്കാത്ത ചെങ്ങന്നൂർ സ്റ്റേഷനിൽ ബി.ജെ.പി.യുടെ രാഷ്ട്രീയ നേട്ടത്തിനായി ആദ്യ ദിവസം സ്റ്റോപ്പ് അനുവദിച്ചത് നിയമ വിരുദ്ധ നടപടിയാണ്. ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നു റെയിൽവേ മന്ത്രി ഉറപ്പു നൽകിയിട്ടും അത് പാലിക്കാത്തത് പ്രതിഷേധാർഹമാണ്. ശബരിമല തീർത്ഥാടനമടക്കമുള്ള പ്രാധാന്യം വിലയിരുത്തി സ്റ്റോപ്പ് അനുവദിക്കാത്ത പക്ഷം ശക്തമായ തുടർ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

അഡ്വ: ജോർജ് തോമസ് അധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡൻറ് ജേക്കബ് വി സ്കറിയ, നഗരസഭ ചെയർപേഴ്സൺ സൂസമ്മ എബ്രഹാം, വൈസ് ചെയർമാൻ മനീഷ് കീഴാമoത്തിൽ, അഡ്വ:എബി കുര്യാക്കോസ്, സുനിൽ പി. ഉമ്മൻ, രാധേഷ് കണ്ണന്നൂർ, ജി. ശാന്തകുമാരി,അഡ്വ: ഡി.നാഗേഷ് കുമാർ, ജൂണി കുതിരവട്ടം, ഡോ:ഷിബു ഉമ്മൻ,ജോൺസ് മാത്യു,സാബു ഇലവുംമൂട്ടിൽ, പ്രസന്നകുമാർ,പി.വി.ജോൺ,അഡ്വ: ബിപിൻ മാമ്മൻ,അഡ്വ: ഹരി പാണ്ടനാട്, തോമസ് ചാക്കോ,ജോജി ചെറിയാൻ,സണ്ണി കോവിലകം, കെ. ദേവദാസ്, സുജ ജോൺ, സോമൻ പ്ലാപ്പള്ളി, ഷൈലജ ജേക്കബ്,സിബീസ് സജി,വരുൺ മട്ടയ്ക്കൽ ഗോപു പുത്തൻമഠത്തിൽ, ശ്രീലത ഓമനക്കുട്ടൻ എന്നിവർ പ്രസംഗിച്ചു. നേരത്തെ ആൽത്തറ ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം ടൗൺ ചുറ്റി റെയിൽവേ സ്റ്റേഷനു മുന്നിൽ എത്തിയപ്പോൾ പൊലീസ് തടയുകയായിരുന്നു.

Trending

No stories found.

Latest News

No stories found.