കോട്ടയം: അമൽജ്യോതി കോളെജിൽ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ വിദ്യാർത്ഥി പ്രതിനിധികളും മാനേജ്മെന്‍റുമായി ചർച്ച നടത്തുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. സഹകരണ- രജിസ്ട്രേഷൻ മന്ത്രി ശ്രീ. വി എൻ വാസവനും ചർച്ചയിൽ പങ്കെടുക്കും. ബുധനാഴ്ച രാവിലെ 10ന് കോളേജിൽ വച്ചാണ് ചർച്ച നടക്കുക. സാങ്കേതിക സർവകലാശാലയിൽ നിന്നുള്ള രണ്ടംഗ അന്വേഷണ കമ്മീഷനും ബുധനാഴ്ച കോളെജിൽ നേരിട്ടെത്തി തെളിവെടുപ്പ് നടത്തും.
വിദ്യാർഥി പ്രക്ഷോഭം കലുഷിതമായ സാഹചര്യത്തിലാണ് നടപടി. ശ്രദ്ധയുടെ ആത്മഹത്യയില്‍ നടപടി ആവശ്യപ്പെട്ട് കോളെജിന് മുന്നിൽ പ്രതിഷേധിച്ച വിദ്യാര്‍ഥികളും പൊലീസും തമ്മിൽ ഏറ്റുമുട്ടി. മാനേജ്മെന്‍റ വിളിച്ച ചർച്ചയ്ക്കിടയിൽ ജാതീയമായി അധിക്ഷേപിച്ചെന്ന് വിദ്യാർഥികൾ ആരോപിച്ചു. മാത്രമല്ല കേസ് ഒതുക്കി തീർക്കാൻ മാനേജ്മെന്‍റ് ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികൾ രംഗത്തു വന്നത്. നാലാം സെമസ്റ്റര്‍ ഫുഡ് ടെക്‌നോളജി വിദ്യാര്‍ഥിനി ശ്രദ്ധ സതീഷിനെ വെള്ളിയാഴ്ച വൈകിട്ട് ഹോസ്റ്റൽ മുറിയിലാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. പിന്നാലെ കോളെജിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തുവന്നിരുന്നു.