തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ അടിയന്ത യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. റെയിൽവേ സ്റ്റേഷനടിയിൽ കൂടി പോവുന്ന ഭാഗത്ത് മാലിന്യം കുന്നുകൂടി കിടക്കുന്നത് തടയാൻ സ്വീകരിക്കേണ്ട നടപടികൾ ചർച്ചചെയ്യാനാണ് യോഗം വിളിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഓൺലൈനായാണ് യോഗം.
വിവിധ വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എംഎൽഎമാരും തിരുവനന്തപുരം മേയറും യോഗത്തിൽ പങ്കെടുക്കും. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും തിരുവനന്തപുരം റെയിൽവേ ഡിവിഷൻ മാനേജരും യോഗത്തിലുണ്ടാവും. മാലിന്യം നീക്കം ചെയ്യുന്നതിനിടെ തൊഴിലാളി മരിച്ചതിനു പിന്നാലെയാണ് യോഗം വിളിച്ചിരിക്കുന്നത്. മാലിന്യം പെരുകുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കു കൂടി വഴിവക്കുമെന്നതിനാലാണ് അടിയന്ത യോഗം വിളിച്ചത്.