കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെയുണ്ടായ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച ചേരാനിരുന്ന 'അമ്മ' എക്സിക്യൂട്ടീവ് യോഗം മാറ്റിവച്ചു. പ്രസിഡന്‍റ് മോഹന്‍ലാലിന് കൊച്ചിയില്‍ എത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് യോഗം മാറ്റിവച്ചത്.
യോഗത്തില്‍ തനിക്കു നേരിട്ടു പങ്കെടുക്കണമെന്ന് മോഹന്‍ലാല്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹത്തിന്‍റെ കൂടി സൗകര്യാര്‍ഥം യോഗം മാറ്റിയിരിക്കുന്നത് എന്നു സംഘടനയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
സംഘടനയിൽ നേതൃത്വ പ്രതിസന്ധി
സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് നിർണായക യോഗം വിളിച്ചിരുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനുശേഷം, ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദിഖിന്‍റെ നേതൃത്വത്തില്‍ വാര്‍ത്താ സമ്മേളനം നടത്തുകയും 'അമ്മ'യുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു. പ്രതിസ്ഥാനത്തുള്ളവരെ അമ്മ സംരക്ഷിക്കില്ലെന്നായിരുന്നു സിദ്ദിഖ് പറഞ്ഞത്.
ഇതു കഴിഞ്ഞ് രണ്ടാം ദിവസം സിദ്ദിഖിന് ജനറല്‍ സെക്രട്ടറി പദവി രാജി വയ്ക്കേണ്ടി വന്നു. ജോയിന്‍റ് സെക്രട്ടറി ബാബുരാജിന് ജനറല്‍ സെക്രട്ടറിയുടെ ചുമതല നൽകാൻ ധാരണയായിരുന്നുവെങ്കിലും അദ്ദേഹത്തിനെതിരേയും ബലാൽസംഗ ആരോപണം പുറത്തുവന്നതോടെ അമ്മയുടെ തലപ്പത്ത് അനിശ്ചിതാവസ്ഥയാണ്.
സിദ്ദിഖിന് പകരക്കാരനെ കണ്ടെത്തുക എന്നതാണ് സംഘടനയ്ക്ക് മുന്‍പിലുള്ള ആദ്യ വെല്ലുവിളി. സംഘടനയുടെ ദൈനംദിന കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ജനറല്‍ സെക്രട്ടറിയുടെ ഉത്തരവാദിത്വമാണ്.
അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്കിടയിലും അമ്മയിലെ അംഗങ്ങള്‍ക്കിടയിലും അഭിപ്രായവ്യത്യാസങ്ങള്‍ ഉയര്‍ന്നിരുന്നു. വൈസ് പ്രസിഡന്‍റ് ജഗദീഷും വൈസ് പ്രസിഡന്‍റ് ജയന്‍ ചേര്‍ത്തലയും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് പ്രകടിപ്പിച്ചിരിക്കുന്നത്. ഇതിൽ ജയൻ ചേർത്തലക്കെതിരെയും ഒരു നടി ആരോപണമുന്നയിച്ചിട്ടുണ്ട്.
നടി ഉര്‍വശി, കഴിഞ്ഞ എക്സിക്യൂട്ടീവില്‍ വൈസ് പ്രസിഡന്‍റായിരുന്ന ശ്വേത മേനോന്‍, നിലവിലുള്ള എക്സിക്യൂട്ടീവ് അംഗം അന്‍സിബ ഹസന്‍, നടൻ ടൊവിനോ തോമസ് തുടങ്ങി നിരവധി പേര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്തിരുന്നു. ഏറ്റവുമൊടുവിലായി നടൻ പൃഥ്വിരാജും ഇക്കാര്യത്തിൽ ശക്തമായ നിലപാടുമായി രംഗത്തുവന്നിട്ടുണ്ട്.
ഡബ്ല്യുസിസിയും ഫോക്കസിൽ
സിദ്ദിഖിനു പകരം വനിതാ അംഗത്തെ ജനറല്‍ സെക്രട്ടറിയാക്കാനുള്ള നീക്കം സംഘടനയിലെ ഒരു വിഭാഗം ആരംഭിച്ചു. ഇക്കാര്യത്തില്‍ ഡബ്ല്യുസിസിയുമായി ചര്‍ച്ച നടത്താനും സാധ്യതയുണ്ട്. വൈസ് പ്രസിഡന്‍റായ നടന്‍ ജഗദീഷിനെ ജനറല്‍ സെക്രട്ടറിയാക്കണമെന്നും ഒരു വിഭാഗം വാദം ഉന്നയിക്കുന്നു. എക്സിക്യൂട്ടിവ് യോഗത്തില്‍ വിഷയം ചര്‍ച്ചയാകും. ജഗദീഷിനെ ജനറല്‍ സെക്രട്ടറിയാക്കണമെങ്കില്‍ സംഘടനയുടെ ബൈലോയില്‍ കാര്യമായ ഭേദഗതി ആവശ്യമാണ്. ഇതിനായി അടിയന്തര ജനറല്‍ ബോഡി യോഗം ചേരണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
നടനും സിപിഎം എംഎല്‍എയുമായ മുകേഷിനെതിരെയും മീ ടൂ ആരോപണം ഉയര്‍ന്നിട്ടുണ്ട്. ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവർക്കെതിരെയും ആരോപണമുണ്ട്. സിനിമാ രംഗത്തു നിന്ന് ഇനിയും പരാതികള്‍ ഉയരുമെന്നാണ് സൂചന.