ലേബർ റൂമിൽ 'അമ്മയ്‌ക്കൊരു കൂട്ട്'; പദ്ധതി വിജയമെന്ന് ആരോഗ്യമന്ത്രി

അടുത്ത ബന്ധുവായ സ്ത്രീയെ പ്രസവസഹായത്തിന് നിർത്തി എസ്എടി
ലേബർ റൂമിൽ 'അമ്മയ്‌ക്കൊരു കൂട്ട്'; പദ്ധതി വിജയമെന്ന് ആരോഗ്യമന്ത്രി
Updated on

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളെജ് എസ്എടി ആശുപത്രിയില്‍ പ്രസവ സമയത്ത് ലേബര്‍ റൂമിലുള്‍പ്പെടെ ബന്ധുവായ ഒരു സ്ത്രീയെ മുഴുവന്‍ സമയം അനുവദിച്ച പരീക്ഷണാടിസ്ഥാനത്തിലുള്ള 'അമ്മയ്‌ക്കൊരു കൂട്ട്' പദ്ധതി വിജയകരമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇത് പ്രസവിക്കാനെത്തുന്ന ഗര്‍ഭിണികള്‍ക്കും അവരുടെ കൂട്ടായെത്തുന്ന ബന്ധുക്കള്‍ക്കും ഏറെ ആശ്വാസമാണ്. നല്‍കുന്ന ചികിത്സകള്‍ കൃത്യമായറിയാനും സംശയങ്ങള്‍ ഡോക്റ്ററോടോ നഴ്‌സുമാരോടോ ചോദിച്ച് മനസിലാക്കാനും സാധിക്കുന്നു. പദ്ധതി വിജയിപ്പിക്കാന്‍ പരിശ്രമിച്ച മുഴുവന്‍ ടീമിനേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

പ്രസവ സമയത്ത് സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് ആത്മവിശ്വാസം നല്‍കാനായി ഗര്‍ഭിണിയ്‌ക്കൊപ്പം അടുത്ത ബന്ധുവായ ഒരു സ്ത്രീയെ അനുവദിക്കുന്ന പദ്ധതിയാണ് അമ്മയ്‌ക്കൊരു കൂട്ട്. ഇതിലൂടെ ഗര്‍ഭിണിയും ബന്ധുക്കളും ആശുപത്രി ജീവനക്കാരും തമ്മില്‍ സൗഹൃദാന്തരീക്ഷം ഒരുക്കിയെടുക്കാന്‍ കഴിയുന്നു. പ്രസവിക്കാനായി ആശുപത്രിയില്‍ അഡ്മിറ്റാകുമ്പോള്‍ തന്നെ അമ്മയോ, സഹോദരിയോ, മറ്റു ബന്ധുക്കളോ ഉള്‍പ്പെടെ ആര് പ്രസവ സമയത്ത് ഒപ്പമുണ്ടാകണമെന്ന് ഗര്‍ഭിണിക്ക് തീരുമാനിക്കാം. പ്രസവത്തിലേക്ക് പോകുമ്പോള്‍ പലര്‍ക്കും പല തരത്തിലുള്ള സങ്കീര്‍ണതകളുണ്ടാകാം. അതിനാല്‍ പതറാതെ വിവിധ ഘട്ടങ്ങളില്‍ എന്തൊക്കെ ചെയ്യണമെന്ന് ഗര്‍ഭിണിയ്ക്കും ബന്ധുവിനും കൃത്യമായ ക്ലാസുകളും നല്‍കുന്നു.

അടുത്തിടെ മികച്ച സ്‌കോറോടെ എസ്എടി ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിരുന്നു. ലോകോത്തര നിലവാരത്തിലുളള പ്രസവ ചികിത്സ ലഭ്യമാക്കുക, അണുബാധ കുറയ്ക്കുക, പ്രസവ സമയത്ത് മെച്ചപ്പെട്ട സംരക്ഷണം, പ്രസവാനന്തരമുളള ശൂശ്രൂഷ, ഗുണഭോക്താക്കളുടെ സംതൃപ്തി, ലേബര്‍ റൂമുകളുടെയും പ്രസവ സംബന്ധമായ ഓപ്പറേഷന്‍ തിയേറ്ററുകളുടേയും ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ് ലക്ഷ്യ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. പ്രസവം കഴിഞ്ഞ് അമ്മയേയും കുഞ്ഞിനേയും സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതിയും നടപ്പിലാക്കി വരുന്നു.

ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സുജമോള്‍, നോഡല്‍ ഓഫീസര്‍ ഡോ. ജയശ്രീ വാമന്‍, ചീഫ് നഴ്‌സിംഗ് ഓഫീസര്‍ അമ്പിളി ഭാസ്‌കരന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വലിയൊരു സംഘമാണ് പദ്ധതി വിജയിപ്പിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

Trending

No stories found.

Latest News

No stories found.