ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടിയെടുക്കാൻ ആരുടേയും പരാതിയുടെ ആവശ്യമില്ലെന്ന് സിപിഐ നേതാവ് ആനി രാജ. സമയബന്ധിതമായി നടപടി സംസ്ഥാന സർക്കാരിന്‍റെ ഭാഗത്തു നിന്നും ഉണ്ടാവണം. റിപ്പോർട്ട് വൈകിപ്പിച്ചതുപോലെ നടപടി വൈകിപ്പിക്കരുതെന്നും കേസുകളില്ലാതെ പരിഹരിക്കേണ്ട കാര്യങ്ങളുണ്ടെന്നും ആനി രാജ പ്രതികരിച്ചു.
റിപ്പോർട്ടിന്‍റെ കാലതാമസത്തെ ന്യായീകരിക്കാൻ താൻ ആഗ്രഹിക്കുന്നില്ല. ആ പോസ്റ്റുമോർട്ടത്തിലേക്കല്ല ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിക്കേണ്ട സമയമല്ല ഇത്. റിപ്പോർട്ട് പൊതുസമൂഹത്തിന് മുന്നിലുണ്ട്. ആ റിപ്പോർട്ടിൽ നടപടികൾ വൈകരുത്. എങ്കിൽ മാത്രമേ ഭാവിയിലും സ്ത്രീകൾക്ക് ഭയരഹിതരായി കടന്നുവരാൻ കഴിയൂ.
ജോലി സ്ഥലത്തെ സൗകര്യങ്ങൾ ഉള്‍പ്പെടെ ഒരു കേസുമില്ലാതെ പരിഹരിക്കേണ്ട കാര്യങ്ങളുണ്ട്. കോണ്‍ക്ലൈവ് വിളിച്ച് വേട്ടക്കാരെയും അതിജീവിതകളെയും ഒരുമിച്ചിരുത്തി ചർച്ച ചെയ്യേണ്ട ആവശ്യമുണ്ടെന്ന് കരുതുന്നില്ല. ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിലെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരാണ് തീരുമാനങ്ങൾ കൈക്കൊള്ളേണ്ടത്. കോണ്‍ക്ലേവ് എന്നത് സാമാന്യബുദ്ധിക്ക് മനസിലാകുന്ന കാര്യമല്ലെന്നും ആനി രാജ വ്യക്തമാക്കി.