'ബബിയ'യുടെ പിൻഗാമി: കുമ്പള ക്ഷേത്രക്കുളത്തിൽ ഭക്തരെ അമ്പരപ്പിച്ച് മറ്റൊരു മുതല

രണ്ടു ദിവസം മുൻപ് കാഞ്ഞങ്ങാടു നിന്ന് ക്ഷേത്രത്തിലെത്തിയ സംഘമാണ് ക്ഷേത്രക്കുളത്തിൽ മറ്റൊരു മുതലയെ കണ്ടതായി അവകാശപ്പെട്ടത്.
ക്ഷേത്രക്കുളത്തിൽ  കണ്ടെത്തിയ പുതിയ മുതല
ക്ഷേത്രക്കുളത്തിൽ കണ്ടെത്തിയ പുതിയ മുതല
Updated on

കാസർഗോഡ്: കുമ്പള അനന്തപത്മനാഭ ക്ഷേത്രത്തിലെ കുളത്തിലുണ്ടായിരുന്ന ബബിയയെന്ന മുതലയ്ക്കു പിൻഗാമിയെത്തിയതായി സ്ഥിരീകരിച്ച് ക്ഷേത്രം. ക്ഷേത്രത്തിലെ നിവേദ്യം കഴിച്ച് ജീവിച്ചിരുന്ന ബബിയ ഒന്നര വർഷം മുൻപാണ് ചത്തത്. ഇപ്പോഴിതാ കുളത്തിൽ വീണ്ടുമൊരു മുതല പ്രത്യക്ഷപ്പെട്ടതായി ക്ഷേത്രം ഭാരവാഹികൾ സ്ഥിരീകരിച്ചിരിക്കുന്നു. രണ്ടു ദിവസം മുൻപ് കാഞ്ഞങ്ങാടു നിന്ന് ക്ഷേത്രത്തിലെത്തിയ സംഘമാണ് ക്ഷേത്രക്കുളത്തിൽ മറ്റൊരു മുതലയെ കണ്ടതായി അവകാശപ്പെട്ടത്. ഇവർ മുതലയുടെ ചിത്രമെടുത്തിരുന്നു.

ഇക്കാര്യം ക്ഷേത്രം ഭാരവാഹികളോട് പറഞ്ഞുവെങ്കിലും ജീവനക്കാർ ഏറെ തിരഞ്ഞിട്ടും മുതലയെ കണ്ടെത്താനായില്ല. പിന്നീട് ശനിയാഴ്ചയാണ് മുതലയെ കണ്ടെത്താനായത്. മുതലയുടെ ചിത്രം വിദഗ്ധരുമായി പങ്കു വച്ചുവെന്നും ബബിയയുടെ അതേ ഇനത്തിൽ പെട്ട മുതലയാണിതെന്ന് സ്ഥിരീകരിച്ചതായും ക്ഷേത്രം ഭാരവാഹി പറയുന്നു. അതു മാത്രമല്ല ബബിയ വസിച്ചിരുന്ന അതേ മടയിൽ തന്നെയാണ് പുതിയ മുതലയും വസിക്കുന്നത്. പുതിയ മുതലയെ കണ്ടെത്തിയതായി ക്ഷേത്രം ഭാരവാഹികൾ മലബാർ ദേവസ്വം ബോർഡിനെ അറിയിച്ചിട്ടുണ്ട്.

കുളത്തിനു നടുവിലായാണ് കുമ്പളയിലെ അനന്ത പത്മനാഭ ക്ഷേത്രം. തിരുവനന്തപുരം അനന്തപത്മനാഭ ക്ഷേത്രത്തിന്‍റെമൂലസ്ഥാനമാണ് ഈ ക്ഷേത്രം എന്നാണ് വിശ്വാസം. ക്ഷേത്രക്കുളം ക്ഷീരസാഗരമായും ക്ഷേത്രം വൈകുണ്ഠമായുമാണ് കണക്കാക്കുന്നത്. ഏതാണ്ട് 75 വർഷത്തോളമായി ക്ഷേത്രക്കുളത്തിൽ ബബിയ ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ക്ഷേത്രത്തിലേക്ക് ഇഴഞ്ഞെത്താറുള്ള ബബിയ ഒരിക്കൽ പോലും ഭക്തരെ ആക്രമിച്ചിരുന്നില്ല. ക്ഷേത്രത്തിലെ നിവേദ്യമായിരുന്ന ബബിയയുടെ ഭക്ഷണം. ബ്രിട്ടീഷ് ഭരണകാലത്ത് ക്ഷേത്രക്കുളത്തിൽ ഉണ്ടായിരുന്ന ബബിയ എന്ന മുതലയെ ബ്രിട്ടീഷുകാർ വെടിവച്ചു കൊന്നുവെന്നും പിറ്റേ ദിവസം തന്നെ കുളത്തിൽ മറ്റൊരു മുതല പ്രത്യക്ഷപ്പെട്ടുവെന്നുമാണ് ഐതിഹ്യം.

വെടിവച്ചു കൊന്ന മുതലയുടെ പുനർജന്മമാണ് ബബിയ എന്നാണ് ഭക്തർ വിശ്വസിച്ചിരുന്നത്. ക്ഷേത്രം പരിപാലകനായാണ് ബബിയയെ കണക്കാക്കിയിരുന്നത്. ബബിയക്കായി പ്രത്യേകം നിവേദ്യങ്ങളും സമർപ്പിക്കാറുണ്ട്. ഒന്നര വർഷം മുൻപ് മുതല ചത്തതോടെ പൊതു പ്രദർശനം നടത്തിയതിനു ശേഷം സംസ്കരിക്കുകയായിരുന്നു. ബബിയയുടെ സ്മാരകം നിർമിക്കുന്നതിനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. അതിനിടെയാണ് ഭക്തരെ അമ്പരപ്പിച്ചു കൊണ്ട് ക്ഷേത്രക്കുളത്തിൽ മറ്റൊരു മുതല എത്തിയിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.