കോഴിക്കോട്: മലപ്പുറത്ത് ഒരാൾക്ക് കൂടി നിപ രോഗലക്ഷണം. രോഗിയെ മഞ്ചേരി മെഡിക്കൽ കോളെജിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലെ വെന്‍റിലേറ്ററിലേക്ക് മാറ്റി. നിപ ബാധിച്ച് മരിച്ച 14 വയസുകാരന്‍റെ വീടിന് 2 കിലോമീറ്റർ അകലെ താമസിക്കുന്ന 68 കാരനെ ചികിത്സയിലുള്ളത്.
എന്നാൽ ഇയാൾ കുട്ടിയുടെ സമ്പർക്കപ്പട്ടികയിൽപ്പെടുന്ന ആളല്ല. സമാന രോഗലക്ഷണം കണ്ടതോടെയാണ് വിദഗ്ധ ചികിത്സയ്ക്കായി രോഗിയെ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ഇയാളുടെ സാംപിളുകൾ വിശദ പരിശോധനയ്ക്കായി സാംപിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്.
ഇതുകൂടാതെ, മരിച്ച 14കാരനുമായി സമ്പര്‍ക്കം ഉണ്ടായ 4 പേർ രോഗ ലക്ഷണങ്ങളുമായി ചികിത്സയിലാണ്. ഇവരുടെ സ്രവവും പരിശോധനക്ക് അയച്ചിട്ടുണ്ട്. ഫലം ഞായറാഴ്ച രാത്രിയോടെ ലഭിച്ചേക്കുമെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുള്ളത്. എന്നാൽ കുട്ടിയുടെ മാതാപിതാക്കൾക്ക് നിലവിൽ രോഗലക്ഷണങ്ങളൊന്നുമില്ല. 5 തവണയാണ് ഇതുവരെ കേരളത്തിൽ നിപ രോഗബാധയുണ്ടായിട്ടുള്ളത്. കേരളത്തിൽ നിപ ബാധിച്ചുള്ള 21-ാമത്തെ മരണമായിരുന്നു ഞായറാഴ്ച ഉച്ചയോടെ മരിച്ച 14 കാരന്‍റേത്.