തിരുവനന്തപുരം: തൊഴിലാളി സംഘടനകളുടെ അനാവശ്യ സമരങ്ങൾ കെഎസ്ആർടിസിയുടെ പുരോഗതി തടയുകയാണെന്ന് സ്ഥാനമൊഴിഞ്ഞ ഗതാഗത മന്ത്രി ആന്റണി രാജു. തൊഴിലാളികളെ തൃപ്തിപ്പെടുത്താനാണ് കെഎസ്ആർടിസിയിൽ പല സമരങ്ങളും നടക്കുന്നത്. ഇത്തരത്തിൽ നടന്ന പല സമരങ്ങൾ മൂലം കെഎസ്ആർടിസിയിൽ ശമ്പളം മുടക്കം പോലും ഉണ്ടായിട്ടുണ്ടെന്ന് ആന്റണി രാജു പ്രസ് ക്ലബിന്റെ മുഖാമുഖത്തിൽ പറഞ്ഞു.
തൊഴിലാളി യൂണിയനുകൾ ശക്തരായിരുന്നിട്ടും അവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിരവധി തീരുമാനങ്ങൾ കെഎസ്ആർടിസിയിൽ കൈക്കൊള്ളുകയും നടപ്പാക്കുകയും ചെയ്തു. അവരുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ സ്ഥാപനമുണ്ടാകില്ല. ചുമരുണ്ടെങ്കിലേ ചിത്രം വരയ്ക്കാനാകൂ.
സ്ഥലംമാറ്റങ്ങളിൽ നിന്ന് 340 തൊഴിലാളി യൂണിയൻ നേതാക്കൾക്ക് സംരക്ഷണം നൽകുന്ന വ്യവസ്ഥ 50 പേർക്ക് മാത്രമാക്കി ചുരുക്കി. പ്രൊഫഷണലുകളെ ഉൾപ്പെടുത്തി ബോർഡ് പുനഃസംഘടിപ്പിച്ചു. അവിടെയെല്ലാം കടുത്ത എതിർപ്പ് ഉയർന്നെങ്കിലും ഇച്ഛാശക്തിയോടെ അതെല്ലാം മറികടക്കാനായി. തൊഴിലാളി സംഘടനകൾ നിരവധി അവകാശവാദങ്ങൾ ഉയർത്തിയെങ്കിലും പിന്തിരിയാതെ മുന്നോട്ടുപോയി. എന്നാൽ, തൊഴിലാളികളുടെ അവകാശങ്ങൾ കവരുന്ന ഒരു നടപടിയും സ്വീകരിച്ചില്ല.
കെഎസ്ആർടിസി ലാഭം ലക്ഷ്യമാക്കി പ്രവർത്തിപ്പിക്കേണ്ട സ്ഥാപനമില്ല. നഷ്ടം വരാതിരുന്നാൽ മതി. ജീവനക്കാർക്ക് ശമ്പളം ഇനത്തിൽ ഒരു രൂപ പോലും കുടിശികയില്ല. സ്വകാര്യ ബസ് വ്യവസായത്തിനും നിരവധി ആനുകൂല്യം നൽകി. മുമ്പെങ്ങുമില്ലാത്ത ബസ് ചാർജ് വർധനയാണ് ഇക്കാലയളവിലുണ്ടായത്. ബസുകളുടെ കാലാവധി 15 വർഷമെന്നത് 22 വർഷമായി വർധിപ്പിച്ചു.
വിസ്മയ കേസുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ ഭർത്താവ് കിരണിനെ സർവീസിൽ നിന്ന് പുറത്താക്കാൻ കഴിഞ്ഞതാണ് രണ്ടര വർഷക്കാലത്തിനിടെ ചെയ്ത മാതൃകപരമായ നടപടി. 1967 മുതൽ ഇങ്ങനെയൊരു വ്യവസ്ഥ ചട്ടങ്ങളിലുണ്ടെങ്കിലും അത് ആദ്യമായി പ്രവർത്തികമാക്കിയത് തന്റെ കാലത്താണ്. കെഎസ്ആർടിസി സ്വിഫ്റ്റിന് തുടക്കമിട്ടതും ഇന്ധന പമ്പുകൾ പൊതുജനങ്ങൾക്കായി തുറന്നതും 543 ബസുകൾ പുതുതായി നിരത്തിലിറക്കാനായതും നേട്ടങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.