തിരുവനന്തപുരം: അരളിപ്പൂവില്‍ വിഷാംശമുണ്ടെന്ന സംശയം ശക്തമാകുന്ന സാഹചര്യത്തിൽ നിര്‍ണായക തീരുമാനവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്കു കൊടുക്കുന്ന പ്രസാദങ്ങളിലും നിവേദ്യത്തിലും അരളിപ്പൂ ഒഴിവാക്കാന്‍ തീരുമാനിച്ചു. എന്നാൽ പൂജയ്ക്കായി അരളിപ്പൂവ് ഉപയോഗിക്കുന്നതില്‍ തടസമില്ല. നിവേദ്യസമര്‍പ്പണം, അര്‍ച്ചന, പ്രസാദം തുടങ്ങിയവയ്ക്ക് ഉപയോഗിക്കില്ല. അരളിക്ക് പകരം പിച്ചിയും തുളസിയുമെല്ലാം ഉപയോഗിക്കും. നാളെ മുതല്‍ തന്നെ തീരുമാനം പ്രാബല്യത്തില്‍ വരും.
അരളിയിലെ വിഷാംശമുണ്ടെന്ന് സംബന്ധിച്ചുള്ള ശാസ്ത്രീയ പരിശോധനാ ഫലം വന്നതിനു ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ വന്നതോടെയും അരളി ഉപയോഗിക്കേണ്ടെന്ന പൊതു നിര്‍ദ്ദേശം ഉയര്‍ന്നതോടെയുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇക്കാര്യം തീരുമാനിച്ചത്.
ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രന്‍റെ മരണത്തിന് പിന്നാലെയാണ് അരളിപ്പൂവിലെ വിഷം വലിയ ചര്‍ച്ചയായത്. അരളിപ്പൂവും ഇലയും കടിച്ചത് യുവതിയുടെ മരണത്തിനു കാരണമായെന്നു റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെ ഭക്ത ജനങ്ങളും ക്ഷേത്ര ജീവനക്കാരും ദേവസ്വം ബോര്‍ഡിനെ ആശങ്ക അറിയിച്ചിരുന്നു. ഇതിന് പിന്നാലെ പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തതിന് പിന്നിലും അരളിപ്പൂവാണ് കാരണമെന്ന സംശയവും ഉയര്‍ന്നുവന്നു വന്നതോടെ അരളിപ്പൂവില്‍ വിഷാംശമുണ്ടെന്ന സംശയം ശക്തമാവുകയാണ്.