പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലോത്സവം സെപ്റ്റംബർ 2ന് പകൽ 1:00 ന് തിരുവാറന്മുള ക്ഷേത്രക്കടവിൽ നടക്കും. പരമ്പരാഗത ശൈലിയിൽ തെയ് തെയ്.... തെയ്തോം ...താളത്തിൽ തുഴഞ്ഞ് ഒന്നാമതെത്തുന്ന പള്ളിയോടത്തെ വിജയിയായി പ്രഖ്യാപിക്കുന്നതിനാണ് മത്സരം ക്രമീകരിച്ചിട്ടുള്ളത്. എ, ബി ബാച്ചുകളിലായി 49 പള്ളിയോടങ്ങളാണ് മത്സര വള്ളംകളിയിൽ പങ്കെടുക്കുന്നത് .എ ബാച്ചിന്‍റെ ഹീറ്റ്സ്, സെമിഫൈനൽ, ഫൈനൽ മത്സരങ്ങളും ബി ബാച്ചിന്‍റെ ഹീറ്റ്സ് , ഫൈനൽ മത്സരങ്ങളുമാണ് നടക്കുന്നത്. കർശനമായ നിബന്ധനകളോടെയാണ് ഇത്തവണത്തെ ജലോത്സവം നടത്താൻ തീരുമാനിച്ചിട്ടുള്ളത്. ആറന്മുളയുടെ തനിമയും പൈതൃകവും പൂർണ്ണമായും സംരക്ഷിക്കുവാനുള്ള നടപടികൾ സ്വീകരിക്കും. ക്ലബ്ബ്കാരെയും പുറമെ നിന്നും കൂട്ടത്തോടെയുള്ള തുഴച്ചിൽക്കാരെയും പൂർണമായും ഒഴിവാക്കി പള്ളിയോടക്കരകളിലും ചുറ്റുപാടുമുള്ള തുഴച്ചിൽക്കാരെ മാത്രമേ ഉതൃട്ടാതി ദിവസം പള്ളിയോടങ്ങളിൽ കയറ്റുവാൻ അനുവാതമുള്ളു.
ആഗസ്റ്റ് 25ന് മുൻപ് പള്ളിയോടത്തിൽ കയറുന്ന മുഴുവൻ ആൾക്കാരുടെയും ലിസ്റ്റ്, തിരിച്ചറിയൽ രേഖ, ഫോട്ടോ എന്നിവ പള്ളിയോട സേവാസംഘം ഓഫീസിൽ നൽകണം. പള്ളിയോട സേവാ സംഘത്തിന്‍റെ നിയമാവലിക്കും റേസ് കമ്മിറ്റിയുടെ തീരുമാനങ്ങൾക്കും വിധേയമായി ജലോത്സവത്തിൽ പങ്കെടുത്തു കൊള്ളാമെന്ന് പള്ളിയോട പ്രതിനിധികളും, പ്രസിഡന്‍റ് , സെക്രട്ടറി, ക്യാപ്റ്റന്‍ എന്നിവർ ഒപ്പിട്ട് സമ്മതപത്രം നൽകണം. ഇങ്ങനെ സമ്മത പത്രവും രേഖയും നൽകിയിട്ടുള്ള പള്ളിയോടങ്ങളെ മാത്രമേ ജലഘോഷയാത്രയിലും തുടർന്നുള്ള മത്സരവള്ളംകളിയിലും പങ്കെടുപ്പിക്കുകയുള്ളൂ .പള്ളിയോട സേവാ സംഘത്തിന്‍റെെ തീരുമാനത്തിനു വിരുദ്ധമായി പ്രവർത്തിക്കുന്ന പള്ളിയോടങ്ങളെ അപ്പോൾ തന്നെ അയോഗ്യരായി പ്രഖ്യാപിച്ച് ജലോത്സവത്തിൽ നിന്നും ഒഴിവാക്കുന്നതാണ്. കൂട്ടുപള്ളിയോടങ്ങളെ ചൂണ്ടുക ,അവയുടെ മാർഗ്ഗം തടയുക, ആക്രമിക്കുക തുടങ്ങിയ കാര്യങ്ങളിൽ ഏർപ്പെടുന്ന പള്ളിയോടങ്ങളുടെ ക്യാപ്റ്റന്‍ ,അമരക്കാർ എന്നിവരുടെ പേരിൽ ക്രിമിനൽ കുറ്റത്തിന് നടപടി സ്വീകരിക്കുവാൻ ശുപാർശചെയ്യും. മത്സരവള്ളംകളി പൂർണമായും റിക്കാർഡ് ചെയ്യുന്നതാണ്.
ജലോൽസവത്തിന് മുന്നോടിയായുള്ള ജലഘോഷയാത്ര കൃത്യം 1ന് ആരംഭിക്കുന്നതാണ്. 12:30ന് മുൻപായി എല്ലാ പള്ളിയോടങ്ങളും ജല ഘോഷയാത്രയ്ക്ക് തയ്യാറായി സത്രം പവലിയന് താഴെ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ എത്തേണ്ടതാണ്. താമസിച്ചെത്തുന്ന പള്ളിയോടങ്ങളെ ജലഘോഷയാത്രയിൽ നിന്നും തുടർന്നുള്ള മത്സരത്തിൽ നിന്നും ഒഴിവാക്കുന്നതാണ്. ജലഘോഷയാത്രയിൽ ഏറ്റവും മുന്നിലായി തിരുവോണത്തോണിയും അതിനു പിന്നിലായി എ ബാച്ച് പള്ളിയോടങ്ങളും തുടർന്ന് ബി ബാച്ച് പള്ളിയോടങ്ങളും പങ്കെടുക്കും. ജല ഘോഷയാത്രയിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങൾ സത്രക്കടവിൽ നിന്നും പരപ്പുഴക്കടവിൽ വരെ ശ്രീപത്മനാഭ....എന്ന വെച്ചു പാട്ടിന്‍റെ താളത്തിലാണ് തുഴയേണ്ടത്. 2017 ന് ശേഷം ആദ്യമായിട്ടാണ് ആറന്മുളയിൽ പരമ്പരാഗത ശൈലിയിലുള്ള മത്സരവള്ളംകളി നടക്കുന്നത്.