arif muhammad khan after 5 years
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

5 വര്‍ഷം പിന്നിട്ട് ആരിഫ് മുഹമ്മദ് ഖാന്‍

ഗവര്‍ണര്‍ സ്ഥാനത്ത് ആരിഫ് മുഹമ്മദ് ഖാന്‍ വ‍്യാഴാഴ്ച്ച 5 വര്‍ഷ കാലാവധി പൂര്‍ത്തിയാക്കി
Published on

തിരുവനന്തപുരം: ഗവര്‍ണര്‍ സ്ഥാനത്ത് ആരിഫ് മുഹമ്മദ് ഖാന്‍ വ‍്യാഴാഴ്ച്ച 5 വര്‍ഷ കാലാവധി പൂര്‍ത്തിയാക്കി. സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന മുന്‍ ഗവര്‍ണറായിരുന്ന പി.സദാശിവം 5വര്‍ഷം തികയുന്ന ദിവസം തന്നെ പദവിയിൽ നിന്ന് മാറിയിരുന്നു. ആരിഫ് മുഹമ്മദ് ഖാന്‍റെ കാര്യത്തില്‍ ഇതുവരെ കേന്ദ്രസര്‍ക്കാരിൽ നിന്നും അറിയിപ്പൊന്നും വന്നിട്ടില്ല. ഗവര്‍ണര്‍മാര്‍ക്ക് അഞ്ചു വര്‍ഷം എന്ന കൃത്യമായ കാലാവധി പരിധിയില്ല. പുതിയ ഗവര്‍ണറെ നിയമിക്കുന്നതുവരെ തുടരാം. പി.സദാശിവം അഞ്ചു വര്‍ഷം തികച്ചപ്പോള്‍ തന്നെ ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചിരുന്നു.

2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ കേരള ഗവര്‍ണര്‍ സ്ഥാനത്ത് ആറു മാസം തികയ്ക്കാത്ത ഷീല ദീക്ഷിതിന് രാജിവയ്ക്കേണ്ടി വന്നിരുന്നു. രണ്ടാഴ്ച മുന്‍പ് ഡല്‍ഹിയില്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിയുമായും പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍, സ്ഥാനത്ത് തുടരുന്നതില്‍ കൃത്യമായ ഉറപ്പ് ലഭിച്ചതായി സൂചനയില്ല. നിലവില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ പലവിഷയങ്ങളിലും നേരിട്ട് ഏറ്റുമുട്ടല്‍ നടക്കുകയാണ്. ഇവയില്‍ ചിലത് കേസുകളായി ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും പരിഗണനയിലുണ്ട്.

സംസ്ഥാനത്തെ ബിജെപിയുമായും നല്ല ബന്ധം പുലര്‍ത്തുന്നത് ആരിഫ് മുഹമ്മദ് ഖാന് അനുകൂലമാണ്. ഈ മാസം പകുതിവരെ ആരിഫ് മുഹമ്മദ് ഖാന്‍റെ അതിഥികള്‍ രാജ്ഭവനില്‍ താമസിക്കുന്നുണ്ട്. സംസ്ഥാനത്ത് ഇതുവരെയും ഒരു ഗവര്‍ണര്‍ക്കും തുടര്‍ച്ചലഭിച്ചിട്ടില്ല. തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ എന്നിവരും 5 വര്‍ഷത്തിലധികമായി പദവിയിലുണ്ട്.