ചെന്നൈ : കളക്കാട് മുണ്ടൻതുറ കടുവ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ ആരോഗ്യവാനാണെന്ന് തമിഴ്നാട് വനം വകുപ്പ്. വനത്തിൽ അരിക്കൊമ്പൻ തീറ്റയെടുക്കാൻ വരുന്ന ദൃശ്യങ്ങൾ തമിഴ്നാട് വനംവകുപ്പ് പുറത്തുവിട്ടു. തമിഴ്‌നാട് വനം പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹുവാണ് ട്വിറ്ററിലൂടെ വീഡിയോ പങ്ക് വച്ചത്.
മണിമുത്താർ ഡാം സൈറ്റിനോട് ചേർന്നുള്ള പ്രദേശത്താണ് നിലവിൽ അരിക്കൊമ്പനുള്ളത്. ചിന്നക്കനാലിൽ നിന്നും പെരിയാർ കടുവ സങ്കേതത്തിലെത്തിച്ച് തുറന്നു വിട്ട ആന തമിഴ്നാട് ജനവാസമേഖലയിലിറങ്ങി ഭീതി പരത്തിയതുകയായിരുന്നു. തുടർന്ന് തമിഴ്നാട് വനം വകുപ്പ് ആനയെ മയക്കുവെടി വയ്ക്കുകയായിരുന്നു. അപ്പർ കോതയാർ വനമേഖലയിലാണ് ആനയെ തുറന്നുവിട്ടത്. തുമ്പിക്കൈയ്ക്ക് അടക്കം പരിക്കുണ്ടായിരുന്നു. ചികിത്സ നൽകിയ ശേഷമാണ് തുറന്നുവിട്ടത്. ആനയുടെ മുറിവുകൾക്ക് മതിയായ ചികിത്സ നൽകിയിട്ടുണ്ടെന്നും വനംവകുപ്പ് അറിയിച്ചു. ഉള്‍ക്കാട്ടിലേക്ക് വിട്ടെങ്കിലും റേഡിയോ കോളർ വഴി ആനയെ നിരീക്ഷിക്കുന്നുണ്ട്.