തിരുവനന്തപുരം: ബാര്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന്‍റെ മൊഴിയെടുത്ത് അന്വേഷണ സംഘം. വെള്ളയമ്പലത്തെ വീട്ടില്‍ എത്തിയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്തിയത്.
വിവാദ ശബ്ദരേഖ പ്രത്യക്ഷപ്പെട്ട ബാറുടമകളുടെ വാട്സാപ് ഗ്രൂപ്പിന്‍റെ അഡ്മിനായിരുന്നു അര്‍ജുനെന്നായിരുന്നു അന്വേഷണ സംഘം കണ്ടെത്തിയത്. വാട്സാപ് അഡ്മിന്‍ സ്ഥാനത്തുനിന്നും അര്‍ജുന്‍ മാറിയെങ്കിലും ഗ്രൂപ്പ് അംഗമായി തുടരുന്നുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഈ സാഹചര്യത്തില്‍ വിവരങ്ങള്‍ ചോദിച്ചറിയാനാണ് അര്‍ജുനെ വിളിച്ചതെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ അര്‍ജുന്‍ ഇതു നിഷേധിച്ചു. താന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ഇല്ലെന്ന് അര്‍ജുന്‍ മറുപടി നല്‍കി. ഭാര്യാപിതാവിന് ബാര്‍ ഉണ്ടായിരുന്നു എന്നും അര്‍ജുന്‍ വ്യക്തമാക്കി. വിവാദത്തില്‍നിന്നു തലയൂരാനാണ് തനിക്കെതിരായ നീക്കമെന്നും അര്‍ജുന്‍ ആരോപിച്ചിരുന്നു.
അതേസമയം, ബാർകോഴയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന കറുത്ത കൈകൾ ആരുടേതാണെന്ന് പുറത്തുവരണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു. കോഴ വിവാദത്തെ കുറിച്ചല്ല, വിവാദ ഓഡിയോ എങ്ങനെ പുറത്തായി എന്നാണ് ഇപ്പോഴും അന്വേഷണം നടത്തുന്നത്. തന്‍റെ മകനെ കൂടി ഈ വിവാദത്തിൽ വലിച്ചിഴയ്ക്കാനുള്ള ശ്രമം നടന്നു വരുകയാണ്. ഇതിന്‍റെ പിന്നിൽ വിവാദ ഓഡിയോ പുറത്തുവിട്ട അനിമോന്‍റെ അടുത്ത ബന്ധുവും സിപിഎമ്മിന്‍റെ സ്റ്റേറ്റ് കമ്മിറ്റിയംഗവുമായ ഒരു വ്യക്തിയാണ്. ഇതുമായി യാതൊരു ബന്ധവും ഇല്ലാത്ത തന്‍റെ ഓഫീസിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർക്ക് ഇതൊന്നും അറിയില്ലന്നും ഇല്ലാത്ത ആരോപണങ്ങൾ ഉയർത്തി ആവശ്യമില്ലാതെ ചെളി വാരി എറിയുകയാണ് സിപിഎമ്മെന്നും അദ്ദേഹം പറഞ്ഞു.അനിമോനുമായി ആർക്കാണ് ബന്ധമുള്ളതെന്ന് സിപിഎമ്മാണ് പറയേണ്ടത്.
തന്‍റെ മകൻ ബന്ധുത സ്വീകരിച്ചിരിക്കുന്നത് എവിടെ നിന്നാണന്ന് നാട്ടുകാർക്ക് എല്ലാം അറിയാവുന്നതാണ്. ബാർ ഉടമകളുടെ യൂണിയനിലോ, വാട്സ് ആപ്പ് ഗ്രൂപ്പിലോ മകൻ അംഗമല്ല. ഭാര്യയുടെ അച്ഛൻ മരണമടഞ്ഞ സമയത്ത് ഏതാനും ദിവസങ്ങൾ മാത്രമാണ് ആ ഫോൺ മകൻ ഉപയോഗിച്ചത്. തിരുവനന്തപുരത്ത് താമസിച്ച് ഐറ്റി മേഖലയിൽ പ്രവർത്തിക്കുന്ന മകനെ ഇതിലേക്ക് വലിച്ചിഴക്കാനുള്ള ശ്രമം പൊതു സമൂഹം അംഗീകരിക്കില്ലന്നു അദ്ദേഹം പറഞ്ഞു.
ഡ്രൈഡേ ഒഴിവാക്കാനും പ്രവര്‍ത്തന സമയം കൂട്ടാനുമായി പണം നല്‍കാന്‍ നിര്‍ദേശിച്ച് ബാറുടമകളുടെ സംഘടനയുടെ ഇടുക്കി ജില്ലാ മുന്‍ പ്രസിഡന്‍റ് അനിമോന്‍ ജില്ലയിലെ സംഘടനയിലെ അംഗങ്ങള്‍ക്ക് അയച്ച ഓഡിയോ പുറത്തു വന്നതാണ് വിവാദമായത്. പിന്നാലെ എക്സൈസ് മന്ത്രി എം.ബി. രാജേഷിന്‍റെ പരാതിയെ തുടർന്ന് ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.