കോഴിക്കോട്: ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്‍റെ കുടുംബം. മനാഫ് മാധ്യമങ്ങളിൽ പറഞ്ഞ ചില കാര്യങ്ങൾ മൂലം കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്ന് കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിന് ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും കുടുംബം പറഞ്ഞു. തെരച്ചിലിന്‍റെ ഓരോ ഘട്ടത്തിലും വലിയ പിന്തുണയാണ് ലഭിച്ചതെന്നും എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും കുടുംബം അരിയിച്ചു.
എം.കെ. രാഘവൻ എംപി, കെ.സി. വേണുഗോപാല്‍ എംപി, എകെഎം അഷ്റഫ് എംഎല്‍എ, കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍, കേരളത്തിലെ മറ്റു എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, ഈശ്വര്‍ മല്‍പെ, മറ്റു മുങ്ങല്‍ വിദഗ്ധര്‍, ലോറി ഉടമ മനാഫ്, ആര്‍സി ഉടമ മുബീൻ, മാധ്യമങ്ങള്‍, കര്‍ണാടക സര്‍ക്കാര്‍, കേരള സര്‍ക്കാര്‍ എന്നിവരെല്ലാം നടത്തിയ ഇടപെടലും പങ്കും വളരെ വലുതാണെന്നും കുടുംബം വ്യക്തമാക്കി.
കടുത്ത സൈബർ ആക്രമണം നേരിടുന്നതായും അർജുന്‍റെ കുടുംബം പറഞ്ഞു. അര്‍ജുന് മാസം 75,000 രൂപ മാസശമ്പളമുണ്ട്. ഇത്രയും പണം ലഭിച്ചിട്ടും ജീവിക്കാന്‍ പറ്റുന്നില്ലെന്ന് പറഞ്ഞ് പ്രചരിപ്പിച്ചു. മാധ്യമശ്രദ്ധ കിട്ടാനായി മനാഫ് പലതും ചെയ്തു. അര്‍ജുന്‍റെ കുടുംബം ദാരിദ്ര്യത്തിലാണെന്ന് പറഞ്ഞ് മനാഫ് പല കോണില്‍ നിന്നും സാമ്പത്തിക സഹായം പറ്റുന്നു. അര്‍ജുന്‍റെ പേരില്‍ സമാഹരിക്കുന്ന ഫണ്ട് കുടുംബത്തിന് വേണ്ട.
അര്‍ജുന്‍റെ കുട്ടിയെ നാലാമത്തെ കുട്ടിയായി വളര്‍ത്തുമെന്ന് മനാഫ് പറഞ്ഞു. ഇത് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത്. അര്‍ജുന്‍റെ ഭാര്യക്കും കുട്ടിക്കും ജീവിക്കാനുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഒരുക്കി നല്‍കിയിട്ടുണ്ട്. യൂട്യൂബ് ചാനലുകള്‍ക്ക് അഭിമുഖം നല്‍കി മനാഫ് കുടുംബത്തെ ദ്രോഹിക്കുകയാണ്. ഇനിയും തങ്ങളുടെ കുടുംബത്തിന്‍റെ വൈകാരികത ചൂഷണം ചെയ്തു മുന്നോട്ടുപോകരുത്. അങ്ങനെ ചെയ്തില്ലെങ്കില്‍ കുടുംബത്തിന് ശക്തമായി മുന്നോട്ടു പോകേണ്ടി വരുമെന്ന് ജിതിന്‍ പറഞ്ഞു.
രക്ഷാപ്രവര്‍ത്തനത്തിന്‍റെ മൂന്നാംഘട്ടത്തില്‍ മനാഫും ഈശ്വര്‍ മാല്‍പെയും ചേര്‍ന്ന് നാടകം കളിക്കുകയായിരുന്നു. തുടര്‍ന്ന് ആദ്യ രണ്ടു ദിവസം നഷ്ടം ആയി. ഈശ്വര്‍ മാല്‍പ്പെയും മനാഫും ചേര്‍ന്ന് അവിടെ നാടകം കളിക്കുകയായിരുന്നു. എംഎൽഎ ക്കും എസ്പിക്കും കാര്യം മനസിലായി. മനാഫിനെതിരെ രേഖാമൂലം പരാതി നല്‍കാന്‍ കാര്‍വാര്‍ എസ്പിയും എംഎല്‍എയും ആവശ്യപ്പെട്ടു. യൂട്യൂബ് ചാനല്‍ വഴി വ്യൂസ് കൂട്ടാനാണ് ഈശ്വര്‍ മാല്‍പെ ശ്രമിച്ചത്. ഇതെല്ലാം ഈശ്വര മലപെയും നടത്തിയ നാടകമാണെന്നും ജിതിൻ ആരോപിച്ചു.