സൈന്യത്തിന് ബിഗ്‌സല്യൂട്ട്!!; ബെയ്‌ലി പാലം തുറന്നു

ഒരേസമയം 24 ടണ്‍ ഭാരംവരെ വഹിക്കാന്‍ ശേഷിയുള്ളതാണ് ബെയ്‌ലി ബാലം.
Army opens the Bailey bridge in wayanad
സൈന്യത്തിന് ബിഗ്‌സല്യൂട്ട് !!; ബെയ്‌ലി പാലം തുറന്നു
Updated on

വയനാട്: ഉരുള്‍പ്പൊട്ടലിനെ തുടർന്ന് വേർപെട്ട ചൂരൽമല- മുണ്ടക്കൈ ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന ബെയ്‌ലി പാലം ഇന്ത്യന്‍ സൈന്യം പൂര്‍ണ്ണ സജ്ജമാക്കി. കരസേന അംഗങ്ങൾ പ്രതികൂല സാഹചര്യം മറികടന്ന് സജ്ജമാക്കിയ പാലത്തിലൂടെ വ്യാഴാഴ്ച വൈകീട്ട് 5.50 ഓടെ ആദ്യ വാഹനം കടത്തിവിട്ടു. സൈനികർ ഭാരത് മാതാ കി ജെയ് വിളികളോടെയാണ് ആദ്യ വാഹനത്തെ വരവേറ്റത്.

ബെയ്‌ലി പാലം പൂർത്തിയായതോടെ രക്ഷാ പ്രവർത്തനത്തിന്‍റെ രണ്ടാം ഘട്ടത്തിന് തുടക്കമായി. ഉരുള്‍പ്പൊട്ടലില്‍ ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയിൽ നിന്ന് ദുരന്തബാധിതരെയും ചൂരല്‍മലയിലേക്ക് എത്തിക്കാനും ജെസിബിയും ഹിറ്റാച്ചിയും ഉൾപ്പെടെയുള്ള യന്ത്രങ്ങൾ എത്തിച്ച് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും ഇനി കഴിയും. കരസേനയുടെ മദ്രാസ് എഞ്ചിനീയറിങ് ഗ്രൂപ്പിന്‍റെ നേതൃത്വത്തിലാണ് പാലം നിര്‍മിച്ചത്. ബുധനാഴ്ച തുടങ്ങിയ നിര്‍മാണം പ്രതികൂല സാഹചര്യങ്ങളെല്ലാം മറികടന്ന് രാപകൽ കഠിനാധ്വാനംചെയ്താണ് കരസേന‌ പൂര്‍ണ്ണ സജ്ജമാക്കിയത്.

ഒരേസമയം 24 ടണ്‍ ഭാരംവരെ വഹിക്കാന്‍ ശേഷിയുള്ളതാണ് സൈന്യം ഇപ്പോള്‍ നിര്‍മിച്ചിരിക്കുന്ന ബെയ്‌ലി ബാലം. ഇവിടെ പുതിയ പാലം നിർമിക്കുന്നതു വരെ താൽക്കാലിക പാലം ഉപയോഗിക്കാൻ സാധിക്കും. പാലം സംസ്ഥാന സർക്കാരിന് കൈമാറുകയാണെന്ന് സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പാലം നിര്‍മിക്കാനുള്ള സാധന സാമഗ്രികള്‍ ഡല്‍ഹിയില്‍നിന്ന് ഇന്ത്യന്‍ വായുസേനയുടെ അഭിമാനമായ ഗ്ലോബ്മാസ്റ്ററിലാണ് എത്തിച്ചത്. കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ച ഇത് 17 ലോറികളിലാണ് വയനാട്ടിലെത്തിച്ചത്. നേരത്തെ സൈന്യംതന്നെ താത്കാലി പാലം നിര്‍മിച്ചിരുന്നെങ്കിലും അതിലൂടെ വലിയ ഭാരങ്ങളൊന്നും അപ്പുറത്തേക്ക് കൊണ്ടുപോകാന്‍ കഴിയുമായിരുന്നില്ല. പുഴയില്‍ അപകടകരമായ നിലയില്‍ ജലനിരപ്പുയര്‍ന്നതോടെ ഈ താത്കാലിക പാലം ഒരുഘട്ടത്തിൽ മുങ്ങുകയും ചെയ്തിരുന്നു.

Trending

No stories found.

Latest News

No stories found.