തിരുവനന്തപുരം: രാജ്യത്തെ ഭരണകക്ഷി വീണ്ടും അധികാരത്തിലെത്തിയാൽ, ജനഹിതം നേടി അധികാരത്തിലെത്തുന്ന പ്രതിപക്ഷ പാർട്ടികളിലെ മുഖ്യമന്ത്രിമാർക്ക് തങ്ങളുടെ സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട വിഹിതത്തിനായി യാചിച്ചു നിൽക്കേണ്ടി വരുമെന്ന് എഴുത്തുകാരി അരുന്ധതി റോയി. രാജ്യത്തെ വൈവിധ്യത്തിന്റെ ജീവരക്തമായ ഫെഡറലിസത്തിനും അത് ഭീഷണിയാകും. മണ്ഡല പുനർനിർണയത്തിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള എംപിമാരുടെ എണ്ണവും കുറയ്ക്കും. ശക്തനായ ഏതിരാളിയെയാണ് നേരിടാനുള്ളത്. അതുകൊണ്ടുതന്നെ ചെറുതും വലുതുമായ എല്ലാ ഭിന്നതകളും ഒഴിവാക്കി ഒരുമിച്ചു നിൽക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു.
പിജി സംസ്കൃതി കേന്ദ്രം ഏർപ്പെടുത്തിയ മൂന്നാമത് പി ഗോവിന്ദപ്പിള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അവർ. മുഴുവൻ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ച് ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം പച്ചയായ മനുഷ്യാവകാശ ലംഘനമാണ്. പലസ്തീൻ ജനതയ്ക്കെതിരായ യുദ്ധം മാനവികതയ്ക്കെതിരായ യുദ്ധമാണ്. പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന കശാപ്പ് അവസാനിപ്പിക്കണം.
കേരളത്തിൽ വരുന്നതിലും സംസാരിക്കുന്നതിലും അതിയായ സന്തോഷമുണ്ട്. കേരളത്തെപ്പോലെ ഒരു സ്ഥലവും ലോകത്തെവിടെയുമില്ല. കമ്യൂണിസ്റ്റ് പാർട്ടിയുടെ മഹത്തായ ചരിത്രമുള്ള നാടാണിത്. അതുകൊണ്ടുതന്നെ ഇവിടുത്തെ കോൺഗ്രസ് അടക്കമുള്ള എല്ലാ പാർട്ടികളും ഇടതുപക്ഷത്തോട് കൂടുതൽ അടുത്താണ്. തങ്ങളുടെ അവകാശങ്ങൾ എന്തൊക്കെയാണെന്ന പ്രാഥമിക ബോധ്യം ഇവിടത്തെ എല്ലാ ജനങ്ങൾക്കുമുണ്ടെന്നും അവർ പറഞ്ഞു.