തിരുവനന്തപുരം: ട്രെയിൻ കിട്ടാത്തതു മൂലം ഭോപാലിൽ നടക്കുന്ന ദേശീയ അണ്ടർ 19 ബാഡ്മിന്‍റൺ ചാമ്പ‍്യൻഷിപ്പിൽ പങ്കെടുക്കാൻ പറ്റാതെ എറണാകുളം റെയിൽവേ സ്റ്റേഷനിൽ കായിക താരങ്ങൾ കാത്തിരുന്ന സംഭവത്തിൽ വിദ‍്യാഭ‍്യാസ വകുപ്പിന്‍റെ ഇടപെടൽ. ടീം മാനേജറും കോച്ചുമടക്കം 23 പേർക്ക് വിമാന ടിക്കറ്റ് എടുത്തുകൊടുക്കാൻ തൊഴിൽവകുപ്പിന് കീഴിലുള്ള ഒഡെപെക്കിന് പൊതുവിദ‍്യാഭ‍്യാസ മന്ത്രി വി. ശിവൻകുട്ടി നിർദശം നൽകി.
മന്ത്രിയുടെ ശക്തമായ ഇടപെലാണ് ഈ അവസരം ഒരുക്കാൻ കാരണമായത്. നവംബർ 17 ന് ഭോപ്പാലിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ കായികതാരങ്ങൾക്കും ടീം മാനേജർക്കും കോച്ചുമടക്കമുള്ളവർക്ക് വിദ‍്യാഭ‍്യാസവകുപ്പ് തേർഡ് എസി ടിക്കറ്റ് എടുത്ത് നൽകിയിരുന്നു. തുടർന്ന് ടിക്കറ്റ് കൺഫേം ആക്കുന്നതിന് വേണ്ടി മന്ത്രിമാരുടെയും എംപിമാരുടെയും എമർജൻസി ക്വാട്ടയിൽ അപേക്ഷയും നൽകി.
എന്നാൽ മുഴുവൻ ടിക്കറ്റുകളും ലഭിക്കാത്ത സാഹചര‍്യത്തിൽ മന്ത്രി കുട്ടികളെ വിമാനത്തിൽ അയക്കാൻ നിർദേശം നൽകുകയായിരുന്നു. നവംബർ 14 വ‍്യാഴാഴ്ച ഉച്ചയ്ക്ക് 1:30 ക്ക് പുറപെടേണ്ടിയിരുന്ന മംഗള- ലക്ഷദീപ് എക്സ്പ്രസിലാണ് കായിക താരങ്ങൾ യാത്ര ചെയ്യേണ്ടിയിരുന്നത്. എന്നാൽ ടിക്കറ്റ് കൺഫേം ആയിട്ടില്ലെന്ന കാര‍്യം അധികൃതർ അറിയിച്ചത് 1:30യോടെയായിരുന്നു. ഇതോടെ താരങ്ങൾ അടക്കമുള്ളവർ പ്രതിസന്ധിയിലായി. ഈ കാര‍്യം താരങ്ങളെയോ അവരുടെ രക്ഷിതാക്കളെയോ നേരത്തെ അറിയിച്ചില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്.