ഒടുവിൽ മധുവിന് 'നീതി' : ആ വാചകം പോലും പൊള്ളുന്നുണ്ട്

ഇരുപത്തിനാലു മണിക്കൂർ മാത്രം ആയുസുള്ള വാട്സപ്പ് സ്റ്റാറ്റസിന്‍റെ അതേ സമയദൈർഘ്യത്തിലേക്കു നടുങ്ങുന്ന, ലജ്ജിക്കുന്ന വാർത്തകളും സൗകര്യപൂർവം ഒതുങ്ങിപ്പോയി, ഒടുങ്ങിപ്പോയി. മധുവും വ്യത്യസ്തമായിരുന്നില്ല
ഒടുവിൽ മധുവിന് 'നീതി' : ആ വാചകം പോലും പൊള്ളുന്നുണ്ട്
Updated on

കേരളം നടുങ്ങി, മനസാക്ഷി ഞെട്ടി, ദൈവത്തിന്‍റെ നാട് തല കുനിച്ചു, സാക്ഷരകേരളം ലജ്ജിച്ചു എന്നിങ്ങനെ ആവർത്തിക്കുന്ന പ്രയോഗങ്ങളിൽ അച്ചടിമഷി പുരണ്ടതിനു ശേഷം, മലയാളി ഒരു സ്വാഭാവിക രാവൊടുങ്ങലിനു ശേഷമുള്ള പുലരികളിലേക്കു പതിവു പോലെ സഞ്ചരിച്ച ദിവസം മാത്രമായിരുന്നു 2018 ഫെബ്രുവരി 22. ആൾക്കൂട്ട മർദ്ദനത്തിനിരയായി മധു എന്ന ആദിവാസി യുവാവിന്‍റെ ജീവനൊടുങ്ങിയ ദിവസം. ഇരുപത്തിനാലു മണിക്കൂർ മാത്രം ആയുസുള്ള വാട്സപ്പ് സ്റ്റാറ്റസിന്‍റെ അതേ സമയദൈർഘ്യത്തിലേക്കു നടുങ്ങുന്ന, ലജ്ജിക്കുന്ന, വാർത്തകളും സൗകര്യപൂർവം ഒതുങ്ങിപ്പോയി, ഒടുങ്ങിപ്പോയി. മധുവും വ്യത്യസ്തമായിരുന്നില്ല.

കൈകൾ കെട്ടിയിട്ട മധുവിന്‍റെ മുഷിഞ്ഞ ചിത്രം കരയുന്ന സ്മൈലികളുടെ അകമ്പടിയോടെ പോസ്റ്റിടാനും, അതേവേഷം അനുകരിച്ച് ഐക്യദാർഡ്യം പ്രഖ്യാപിക്കാനും, പിന്നീടതങ്ങു സൗകര്യപൂർവം മറക്കാനും മറ്റാർക്കു കഴിയും. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതെന്നു പരിതപിച്ച അധികാരികൾക്കു പോലും, നിയമവ്യവസ്ഥകൾക്കു പോലും, അഞ്ചു വർഷത്തിനിപ്പുറം മാത്രമേ, ആദിവാസി യുവാവിന്‍റെ മരണത്തിൽ നീതി നടപ്പാക്കാൻ സാധിക്കുന്നുള്ളൂ. അതും നീതിക്കുവേണ്ടിയുള്ള കുടുംബാംഗങ്ങളുടെ ഏറെക്കാലത്തെ പോരാട്ടങ്ങൾക്കൊടുവിൽ. തീർത്തും നിസഹായനായ ഒരു മനുഷ്യനെയാണ് ആൾക്കൂട്ടം തല്ലിക്കൊന്നത്, ശാരീരികമായും മാനസികമായും തീർത്തും നിസഹായനായ മനുഷ്യൻ.

ആഹാരത്തിനായി മോഷ്ടിച്ചവനെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടത്തിന്‍റെ അനീതിക്കു മറുപടിയില്ലാതിരുന്നത് അഞ്ചു വർഷമാണ്. വിശക്കുമ്പോൾ ആഹാരം എടുക്കുന്നതു മോഷണമാണെന്നു തിരിച്ചറിയാൻ പോലുമുള്ള മാനസിക അവസ്ഥയുണ്ടായിരുന്നില്ല മധുവിന്. സാധാരണ മനുഷ്യൻ കൽപ്പിച്ച വഴികളിലൂടെയായിരുന്നില്ല ആ ജീവിതം മുന്നോട്ടു പോയിരുന്നത്. നാട്ടിലും, കാട്ടിലെ ഗുഹകളിലുമായി താമസം. മധുവിനെ മർദ്ദിക്കുന്നതിനെ വീഡിയോ ദ‌ൃശ്യങ്ങൾ, വലിയ മോഷ്ടാവിനെ പിടിച്ചതിന്‍റെ സെൽഫികൾ, പിന്നെയൊരു ജാഥ പോലെ കൈകൾ കെട്ടി മധുവിനെ അട്ടപ്പാടിയിലെ മുക്കാലി കവലയിലേക്കും കൊണ്ടുപോയി. ഒടുവിൽ പൊലീസ് വന്നു കൊണ്ടു പോകുമ്പോഴാണു രക്തം ഛർദ്ദിച്ച് മധു മരണപ്പെടുന്നത്.

കേരളം സ്റ്റാറ്റസും പോസ്റ്റുമൊക്കെയിട്ടു ഞെട്ടിയ കേസിൽ വിചാരണ പോലും ആരംഭിക്കുന്നത് നാലു വർഷത്തിനു ശേഷം. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതെന്നും, മനസാക്ഷി മുമ്പെങ്ങുമില്ലാത്ത വിധം മരവിച്ചുവെന്നുമൊക്കെ അതിതീവ്രമായി പരിതപിച്ച അധികാരികൾ, ഈയൊരൊറ്റ കേസിനെന്തിനാ പബ്ലിക് പ്രോസിക്യൂട്ടറെന്നു മാറ്റി ചോദിച്ചു. അല്ലെങ്കിലും ഇജ്ജാതി മരവിപ്പിനുമുണ്ടല്ലോ സമയപരിധിയൊക്കെ. പൊലീസ് കുറ്റപത്രം സമർപ്പിക്കുമ്പോൾ വിചാരണക്കോടതിയിൽ സ്ഥിരം ജഡ്ജി ഉണ്ടായിരുന്നില്ല. പിന്നീടങ്ങോട്ട് പബ്ലിക് പ്രോസിക്യൂട്ടർമാർ മാറി മാറി വന്നു.

അത്രയധികം ചർച്ചയായ ഒരു കേസിൽ പോലും പ്രോസിക്യൂട്ടറെ നിയമിക്കാനും, കൃത്യമായി വിചാരണ നടക്കാനും ആക്ഷൻ കൗൺസിൽ രൂപീകരിക്കേണ്ട സാഹചര്യം വരെയുണ്ടായി. പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ ഏറെ സമയമെടുത്തു. പ്രതിപട്ടിക‍‌യിലുണ്ടായിരുന്നവരുടെ രാഷ്ട്രീയവും ഇടയ്ക്ക് ചർച്ചയായി.

വിചാരണ തുടങ്ങിയപ്പോൾ കൂറുമാറ്റങ്ങളുടെ കാലമായിരുന്നു. 127 സാക്ഷികളിൽ 24 പേർ കൂറുമാറി. അതിൽ മധുവിന്‍റെ ബന്ധുക്കൾ വരെയുണ്ട്. സാക്ഷികളെ സ്വാധീനിക്കാൻ പോലും ശ്രമമുണ്ടായെന്ന ആരോപണമുയർന്നു. അഞ്ചു വർഷം പിന്നിടുമ്പോഴാണു അട്ടപ്പാടി മധുക്കേസിൽ വിധി പ്രസ്താവം വരുന്നു. വെറുതെയെഴുതാം, ഒടുവിൽ മധുവിന് നീതി എന്ന്... ആ വാചകം പോലും പൊള്ളുന്നുണ്ട്.

Trending

No stories found.

Latest News

No stories found.