തിരുവനന്തപുരം: വോട്ടെണ്ണലിന്‍റെ ഓരോ ഘട്ടത്തിലും ത്രില്ലടിപ്പിച്ച ആറ്റിങ്ങലിൽ രണ്ടാംവട്ടവും വിജയം ഉറപ്പിച്ച് കോൺഗ്രസ് സ്ഥാനാർഥി അടൂർ പ്രകാശ്. 1708 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് സിപിഎം തിരുവവന്തപുരം ജില്ലാ സെക്രട്ടറി വി.ജോയിയെ അടൂർ പ്രകാശ് പരാജയപ്പെടുത്തിയത്. മൂന്നു ലക്ഷത്തിലധികം വോട്ടുകൾ നേടി കേന്ദ്രമന്ത്രി വി. മുരളീധരൻ മൂന്നാമതെത്തി. സ്വതന്ത്രരായ മത്സരിച്ച പി.എൽ പ്രകാശ് 1673 വോട്ടും എസ്. പ്രകാശ് 703 വോട്ടും നേടി. പതിനായിരത്തോളം വോട്ടാണ് നോട്ടയ്ക്ക് വീണത്.
ഏതൊക്കെ സീറ്റ് പോയാലും ആറ്റിങ്ങൽ മണ്ഡലം പിടിക്കണമെന്ന ഉദ്ദേശത്തോടുകൂടിയാണ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയിയെതന്നെ പാർട്ടി കളത്തിലിറക്കിയത്. എന്നാൽ സിപിഎമ്മിന്‍റെ പ്രതീക്ഷകളെ തകർത്തുകൊണ്ടാണ് അടൂർ പ്രകാശ് മണ്ഡലം പിടിച്ചത്. കഴിഞ്ഞതവണ അടൂർ പ്രകാശ് 380995 വോട്ടു നേടിയപ്പോൾ സമ്പത്തിനു ലഭിച്ചക് 342748 വോട്ടുകൾ. ഭൂരിപക്ഷം 38247 വോട്ട്.
വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടക്കട നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം. എല്ലായിടത്തും എൽഡിഎഫാണ് ഭരിക്കുന്നത്.